'ആ പണി സ്റ്റേഷൻമാസ്റ്റർ എടുത്തോളും, താങ്കൾ മണിപ്പൂരിലേക്ക് ചെല്ലൂ'-മോദിയോട് പ്രകാശ് രാജ്
തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി ആരോപിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിട്ടുണ്ട്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. വന്ദേഭാരത് ട്രെയിനിന് ഫ്‌ളാഗ്ഓഫ് ചെയ്യാൻ സ്റ്റേഷൻമാസ്റ്റർ മതിയെന്നും പ്രധാനമന്ത്രി പോകേണ്ടത് മണിപ്പൂരിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചടങ്ങിനായി നാളെ മധ്യപ്രദേശിലെത്തുമെന്ന മോദിയുടെ ട്വീറ്റിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
'നാളെ, ജൂൺ 27ന്, രണ്ട് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ ഭോപ്പാലിലെത്തും. റാണികമാൽപതി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഒന്നാമത്തെ പരിപാടിയിൽ അഞ്ച് വന്ദേഭാരതിന് ഫ്‌ളാഗ്ഓഫ് ചെയ്യും. ഇത് മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും.'-ഇങ്ങനെയായിരുന്നു മോദിയുടെ ട്വീറ്റ്.
ആ പണി ഒരു സ്റ്റേഷൻമാസ്റ്റർക്ക് ചെയ്യാൻ പറ്റുമെന്നായിരുന്നു അതിനോട് പ്രകാശ് രാജിന്റെ പ്രതികരണം. താങ്കളെ മണിപ്പൂരിലാണ് തങ്ങൾക്കു കാണേണ്ടതെന്നും അദ്ദേഹം കുറിച്ചു. ManipurBurning എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. മോദിയുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
അതേസമയം, തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി ആരോപിച്ച് താരം പിന്നീട് രംഗത്തെത്തി. താനൊരു പൗരനാണെന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും ആരായിരിക്കും എന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയെന്നും പ്രകാശ് രാജ് ചോദിച്ചു.
എന്നാൽ, ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരണം വന്നിട്ടുണ്ട്. പ്രകാശ് രാജ് പങ്കുവച്ച ആദ്യത്തെ മോദിയുടെ ട്വീറ്റ് പിൻവലിച്ചിരുന്നു. ഇതിൽ കർണാടകയുടെ പേരുകൂടി ചേർത്ത് പിന്നീട് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
Summary: 'A Station Master can do it.. We really want to see you in Manipur': Actor Prakash Raj to PM Narendra Modi
Adjust Story Font
16