'പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നില്ല'; നടി ഗൗതമി ബി.ജെ.പി വിട്ടു
തന്റെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്ത വ്യക്തിയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് ഗൗതമി ആരോപിച്ചു.
ചെന്നൈ: നടി ഗൗതമി ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽനിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു.
ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്ക് നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു ആരോപണം.
അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതമി ആരോപിക്കുന്നു. പരാതി നൽകിയതോടെ അളഗപ്പൻ ഒളിവിലാണ്. അളഗപ്പനെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്ന് ഗൗതമി ആരോപിച്ചു.
Adjust Story Font
16