'നിങ്ങളുടെ അജ്ഞത അമ്പരപ്പിക്കുന്നു'; അജയ് ദേവ്ഗണിനെതിരെ നടി രമ്യ
"ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയല്ല"
മുംബൈ: ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ് എന്ന ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് നടിയും കോൺഗ്രസ് നേതാവുമായ രമ്യ. അജയ് ദേവ്ഗണിന്റെ അജ്ഞത അമ്പരപ്പിക്കുന്നതാണെന്നും ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയല്ലെന്നും മുൻ പാർലമെന്റ് അംഗം കൂടിയായ രമ്യ കുറിച്ചു.
'അല്ല, ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അജയ് ദേവ്ഗൺ, നിങ്ങളുടെ അജ്ഞത അമ്പരപ്പിക്കുന്നു. കെജിഎഫ് പുഷ്പ, ആർആർആർ തുടങ്ങിയ സിനിമകൾ ഹിന്ദി ബെൽറ്റിൽ നന്നായി ഓടുന്നത് മഹത്തരമാണ്. കലയ്ക്ക് ഭാഷയുടെ അതിർവരമ്പില്ല. നിങ്ങളുടെ സിനിമകൾ ഞങ്ങൾ ആസ്വദിക്കുന്നതു പോലെ ഞങ്ങളുടെ സിനിമകൾ നിങ്ങളും ആസ്വദിക്കൂ.' - എന്നായിരുന്നു കന്നഡ നടിയുടെ ട്വീറ്റ്. അജയ് ദേവ്ഗണിന്റെ ട്വീറ്റ് പങ്കുവച്ചാണ് രമ്യയുടെ മറുപടി.
നേരത്തെ, കന്നഡ നടൻ കിച്ച സുദീപിന്റെ പോസ്റ്റിന് മറുപടിയായാണ് അജയ് ദേവ്ഗൺ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്ന സുദീപിന്റെ അഭിപ്രായ പ്രകടനത്തോട്, ഹിന്ദി മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് ദേവ്ഗൺ മറുപടി നൽകി. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെയെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദിയിലായിരുന്നു ദേവ്ഗണിന്റെ ട്വീറ്റ്.
കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. കെ.ജി.എഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന് അഭിപ്രായം പലരും പങ്കുവെച്ചിരുന്നു ഇതിനുള്ള മറുപടി പോസ്റ്റിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ സംസാരിച്ചത്.
'നിങ്ങൾ പാൻ ഇന്ത്യൻ ഫിലിം കന്നഡയിൽ നിർമ്മിച്ചുവെന്ന് പറഞ്ഞു. അതിൽ ചെറിയൊരു തിരുത്തലുണ്ട്. ഹിന്ദി ഇനി മുതൽ ദേശീയ ഭാഷയല്ല. ബോളിവുഡ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്, തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് വിജയമുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, അതും യാഥാർഥ്യമാവുന്നില്ല. ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമകൾ എല്ലായിടത്തും എത്തുന്നുണ്ട്. ആർ.ആർ.ആർ, കെ.ജി.എഫ് എന്നിവ ഇതിനുള്ള ഉദാഹരണമാണ്' - എന്നാണ് കിച്ച സുദീപ് പറഞ്ഞിരുന്നത്.
മറ്റൊരു ട്വീറ്റിൽ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നതായും ആരെയും പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചല്ല തന്റെ ട്വീറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Actress and Congress leader Remya has responded to Bollywood actor Ajay Devgn's tweet that Hindi is the mother tongue and national language of India. Remya, who is also a former MP, said that Ajay Devgn's ignorance was shocking and that Hindi was not the national language of the country.
Adjust Story Font
16