ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് നടി റിയ സെന്നും
അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് റിയ സെൻ മലയാളികൾക്ക് സുപരിചിതയാകുന്നത്
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് ബോളിവുഡ് നടി റിയ സെൻ. നിലവിൽ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലാണ് പുരോഗമിക്കുന്നത്. പാറ്റൂരിൽ നിന്ന് ആരംഭിച്ച യാത്രയിലാണ് നടിയും കൂടെചേർന്നത്. യാത്രയുടെ ചിത്രങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.
അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് റിയ സെൻ മലയാളികൾക്ക് സുപരിചിതയാകുന്നത്.കലാഭവൻ മണിയുടെ സഹോദരി ഭാമയായി വേഷമിട്ടാണ് റിയാ സെൻ മലയാളികളുടെ പ്രിയങ്കരിയായത്. വിഷ്‌കന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് റിയയുടെ സിനിമാ അരങ്ങേറ്റം. പ്രശസ്ത ബോളിവുഡ് നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകൾ കൂടിയാണ് റിയ.
നേരത്തെ ബോളിവുഡ് നടിയും സംവിധായകയുമായ പൂജാഭട്ടും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. യാത്ര ഹൈദരാബാദിൽ എത്തിയപ്പോഴാണ് പൂജ യാത്രക്കൊപ്പം അണി ചേർന്നത്.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. 2023 ജനുവരി 23 ന് ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിക്കും.
Adjust Story Font
16