'രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം': ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയത്.
ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശം. 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയത്.
യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന മറുപടിയുമായാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഇന്ത്യയിൽ വ്യാജ വിപണി സൃഷ്ടിച്ച് ഓഹരി ഇടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും സ്വാർത്ഥ ലക്ഷ്യമാണ് ഇങ്ങനൊയൊരു റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും മറുപടിയിൽ അദാനി ഗ്രൂപ്പ് ആരോപിച്ചു.
മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിൽപ്പന നടക്കുന്നത് എന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ 4.17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന് നഷ്ടമായിരുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനിയുടെ 10 കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനിയുടെ പുതിയ നിക്ഷേപ പദ്ധതിയായ ഫോളോ ഓൺ പബ്ലിക് ഓഫറിന് ആദ്യ ദിവസം ഒരു ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിൽ രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ എൽഐസിക്ക് 18,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഓഹരിമൂല്യം ഇടിഞ്ഞതോടെ ആഗോള സമ്പന്നപ്പട്ടികയിലെ മൂന്നാം സ്ഥാനത്തു നിന്ന് അദാനി ഏഴാം സ്ഥാനത്തേക്കിറങ്ങി. അതേസമയം കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് മറുപടി നല്‍കി.
Adjust Story Font
16