'ബി.ജെ.പിക്ക് അദാനിയാണ് വിശുദ്ധ പശു, അവരതിനെ കെട്ടിപ്പിടിച്ച് മറ്റ് പശുക്കളെ ഞങ്ങൾക്ക് വിട്ടുതന്നു'; 'കൗ ഹഗ് ഡേ'ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്
പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നായിരുന്നു മൃഗവകുപ്പിന്‍റെ സർക്കുലർ
മുംബൈ: ബി.ജെ.പിക്ക് അദാനിയാണ് വിശുദ്ധ പശുവെന്ന് ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ഫെബ്രുവരി 14 ന് പശു ആലിംഗന ദിനം ആഘോഷിക്കണമെന്ന കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'കോടീശ്വരനായ ഗൗതം അദാനി ബിജെപിക്ക് വിശുദ്ധ പശുവാണ്. അതിനാൽ, അവർ തങ്ങളുടെ വിശുദ്ധ പശുവിനെ കെട്ടിപ്പിടിച്ച് മറ്റ് പശുക്കളെ വാലന്റൈൻസ് ദിനത്തിൽ ഞങ്ങൾക്ക് കെട്ടിപ്പിടിക്കാൻ വിട്ടു,' സഞ്ജയ് റാവത്ത് പറഞ്ഞു. 'ഞങ്ങൾ പശുവിനെ ഗോമാതാവായി ബഹുമാനിക്കുന്നു, ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ പ്രത്യേക ദിവസമൊന്നും ആവശ്യമില്ല..' റാവത്ത് കൂട്ടിച്ചേർത്തതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വാലന്റൈൻസ് ഡേക്ക് പശു ആലിംഗന ദിനം (കൗ ഹഗ് ഡേ) ആഘോഷിക്കുന്നത് 'പോസിറ്റീവ് എനർജി' പകരുകയും 'കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു അനിമൽ വെൽഫെയർ ബോർഡിന്റെ നോട്ടീസ്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യൻ സംസ്‌കാരത്തിൻറെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരം വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകാനും ഇത് ഇടയാക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സർക്കുലറിൽ പറയുന്നു.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ കമ്പനികൾക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമോ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ പ്രതിപക്ഷംസംഘടനകൾ ആവശ്യപ്പെട്ടു. റിപ്പോർട്ടിന് പിന്നാലെ വൻ തകർച്ചയിലാണ് കമ്പനിയിപ്പോൾ.
ഹിമാചൽ പ്രദേശിൽ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ഇന്ന് റെയ്ഡും നടന്നു. സംസ്ഥാന ആദായ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. ഹിമാചൽ പ്രദേശിൽ, അദാനി-വിൽമർ ഗ്രൂപ്പിന്റെ സ്റ്റോറുകളിലും ഗോഡൗണുകളിലുമാണ് സംസ്ഥാന ആദായ നികുതി വിഭാഗം റെയ്ഡ് നടത്തിയത്.
Adjust Story Font
16