Quantcast

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പിക്ക് ചെയ്യുന്നതാണ്'; വിവാദമായി അധീർ രഞ്ജൻ ചൗധരിയുടെ പ്രസംഗം

അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    1 May 2024 1:23 PM GMT

Adhir Chowdhurys speech sparks row
X

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശം വിവാദമാകുന്നു. തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പി വോട്ട് ചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പ്രസംഗത്തിന്റെ വീഡിയോ തൃണമൂൽ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.

''ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ്''-ഇതായിരുന്നു അധീറിന്റെ പ്രസ്താവന.

അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ബി.ജെ.പിയുടെ കണ്ണും ചെവിയുമായി പ്രവർത്തിച്ച ശേഷം ഇപ്പോൾ അവരുടെ ശബ്ദമായും ചൗധരി മാറിയെന്നും തൃണമൂൽ കുറ്റപ്പെടുത്തി. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു.

വിഡിയോയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദർഭത്തിലാണ് അധീർ അങ്ങനെ പറഞ്ഞതെന്ന് പരിശോധിക്കും. ബി.ജെ.പി ജയിക്കുന്ന സീറ്റുകളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല, പാർലമെന്റ് തെരഞ്ഞെടുപ്പാണ്. ഇടത് പാർട്ടികളും കോൺഗ്രസും ഇൻഡ്യ മുന്നണിയിലുണ്ട്. സീറ്റ് വിഭജനം നടന്നിട്ടില്ലെങ്കിലും തൃണമൂൽ കോൺഗ്രസും സഖ്യത്തിന്റെ ഭാഗമാണെന്നും ജയറാം രമേശ് പറഞ്ഞു.


TAGS :

Next Story