ഗൊരക്പൂരിലെ വികസനം കാണാനെത്തിയ യോഗി ആരാധകനെ യുപി പൊലീസ് അടിച്ചുകൊന്നു
''യോഗിയുടെ ആരാധകനായിരുന്നു മനീഷ്. എന്നാല്‍, സംസ്ഥാന പൊലീസ് അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഗൊരക്പൂരില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാനാകില്ലെന്ന് ഞാന്‍ എല്ലാവരോടും പറയാന്‍ പോകുകയാണ്''- മനീഷിന്‍റെ ഭാര്യ മീനാക്ഷി മാധ്യമങ്ങളോട് പറഞ്ഞു
യോഗി ആദിത്യനാഥിന്‍റെ വികസനപ്രവൃത്തികള്‍ കാണാനായി ഗൊരക്പൂരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ യുപി പൊലീസ് അടിച്ചുകൊന്നു. യോഗിയുടെ കടുത്ത ആരാധകനായ കാണ്‍പൂര്‍ സ്വദേശി മനീഷ് ഗുപ്ത(36)യാണ് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച നടന്ന സംഭവം പ്രിയങ്ക ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനു പിറകെയാണ് പുറംലോകമറിഞ്ഞത്. മനീഷിന്‍റെ ഭാര്യ മീനാക്ഷി കഴിഞ്ഞ ദിവസം ഗൊരക്പൂരിലെത്തി ധര്‍ണ ആരംഭിക്കുകയും ചെയ്തിരുന്നു.
സുഹൃത്തുക്കളായ ഹര്‍വീര്‍ സിങ്ങും പ്രദീപ് കുമാറിനുമൊപ്പമാണ് മനീഷ് ഗൊരക്പൂരിലെത്തുന്നത്. രാവിലെ ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാംഗഢ് താല്‍ തടാകം സന്ദര്‍ശിച്ച ശേഷം നഗരത്തിലെ തന്നെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു. ഇതിനിടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. ദുരൂഹപശ്ചാത്തലമുള്ള മൂന്നുപേര്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തിയത്. വ്യാജരേഖ ഉപയോഗിച്ചാണ് ഇവര്‍ മുറിയെടുത്തിരിക്കുന്നതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.
മനീഷും സുഹൃത്തുക്കളും താമസിച്ച മുറിയിലെത്തിയ പൊലീസ് മൂന്നുപേരോടും തിരിച്ചറിയല്‍രേഖ കാണിക്കാന്‍ ആവശ്യപ്പെട്ടു. പ്രദീപും ഹര്‍വീര്‍ സിങ്ങും ഉടന്‍ രേഖകള്‍ കാണിച്ചു. എന്നാല്‍, ഏറെ സമയമെടുത്തിട്ടും മനീഷിന് ഒന്നും കാണിക്കാനായില്ല. ഇതോടെയാണ് പൊലീസ് മര്‍ദനം ആരംഭിച്ചത്. ലാത്തികൊണ്ടും അല്ലാതെയും അടിയും തൊഴിയും തുടങ്ങി. ഗൊരക്പൂരില്‍ യോഗി നടത്തിയ വികസനപ്രവൃത്തികള്‍ കാണാനായി എത്തിയതാണെന്നു പറഞ്ഞ് അപേക്ഷിച്ചിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മനീഷിനെ ലാത്തികൊണ്ട് തലക്കും ശരീരമാസകലവും പൊലീസ് പൊതിരെ തല്ലി. തുടര്‍ന്ന് രാംഗഢ് താല്‍ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. പിന്നീട് അന്വേഷിച്ചപ്പോള്‍ മനീഷിനെ നഗരത്തിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായുള്ള വിവരമാണ് സുഹൃത്തുക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍, ഇവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മനീഷ് മരിച്ചിരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഹോട്ടലിലെത്തുമ്പോള്‍ മനീഷ് മദ്യപിച്ചിരുന്നെന്നും നിലത്തുവീണാണ് പരിക്കേറ്റതെന്നും പൊലീസ് സംഘത്തിലുണ്ടായിരുന്ന അക്ഷയ് മിശ്ര പ്രതികരിച്ചു. സംഭവം വിവാദമായതോടെ ആറു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
മനീഷിന്‍റെ തലയിലും മറ്റു ശരീരഭാഗങ്ങളിലും നിരവധി മുറിവുകളുണ്ടെന്ന് ഭാര്യ മീനാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ''ചില പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തതായി കേട്ടു. എന്നാല്‍, എന്തുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടാത്തത്? അദ്ദേഹം കുറ്റവാളികളെ പിന്തുണയ്ക്കുകയാണോ?'' അവര്‍ ചോദിച്ചു.
''എന്‍റെ മകന്‍ വളര്‍ന്നാല്‍ അച്ഛന്‍ എങ്ങനെ മരിച്ചുപോയെന്നാണ് ഞാനവനോട് പറയുക? യോഗിയുടെ ആരാധകനായിരുന്നു അദ്ദേഹം. ഗൊരക്പൂരില്‍ മുഖ്യമന്ത്രി ചെയ്ത വികസനങ്ങള്‍ കാണാനെത്തിയതായിരുന്നു. എന്നാല്‍, സംസ്ഥാന പൊലീസ് അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഗൊരക്പൂരില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാനാകില്ലെന്ന് എല്ലാവരോടും ഞാന്‍ പറയാന്‍ പോകുകയാണ്''- മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധി മീനാക്ഷിയെ ഫോണില്‍ വിളിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. പൊലീസ് കൊലയില്‍ പ്രിയങ്ക പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗിയും മീനാക്ഷിയെ വിളിച്ചു. നഷ്ടപരിഹാരത്തുകയായി കുടുംബത്തിന് 10 ലക്ഷം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗൊരക്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു യോഗി ആദിത്യനാഥ്. അഞ്ചുതവണ ഗൊരക്പൂരില്‍നിന്ന് പാര്‍ലമെന്‍റിലുമെത്തി. ഇതേ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് യുപി മുഖ്യമന്ത്രിയയതും.
Adjust Story Font
16