ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രവേശന അനുമതി; ആൾക്കൂട്ടം പാടില്ലെന്ന് ദുരന്തനിവാരണസമിതി
കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധിക്കൂ
അഞ്ചുമാസത്തെ അടച്ചിടലിനുശേഷം ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധിക്കൂ. നേരത്തേ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചിരുന്നെങ്കിലും വിശ്വാസികൾക്കു സന്ദർശനം വിലക്കിയിരുന്നു.
ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രവേശന അനുമതി നൽകിയത്. വിദ്യാരംഭമടക്കമുള്ള ചടങ്ങുകൾ നടത്താൻ ക്ഷേത്രങ്ങൾക്കും ഇപ്പോഴത്തെ തീരുമാനം സഹായകരമാവും.
വിശ്വാസികൾക്കു പ്രവേശിക്കാമെങ്കിലും വലിയ തോതിലുള്ള ആൾക്കൂട്ടം പാടില്ലെന്ന് ദുരന്തനിവാരണസമിതി ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരും പോലീസും ഉറപ്പാക്കണം. ആരാധനാലയങ്ങളിലെ എ സി ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കാനും വ്യവസ്ഥയുണ്ട്.
അന്നദാനം, സാമൂഹിക അടുക്കള തുടങ്ങിയവ കർശനമായി സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ. ഭക്തിഗാനങ്ങൾ ആലപിക്കാനും അവതരിപ്പിക്കാനും പ്രത്യേക സംഘങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല. പകരം, റെക്കോഡ് ചെയ്ത ഭക്തിഗീതങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Adjust Story Font
16