അദ്വാനിയും മുരളി മനോഹർ ജോഷിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല
പ്രായാധിക്യം കണക്കിലെടുത്താണ് ഇരു നേതാക്കളോടും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് അറിയിച്ചതെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
അയോധ്യ: ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് അഭ്യർഥിച്ചെന്ന് അയോധ്യാ ക്ഷേത്ര ട്രസ്റ്റ്. പ്രായാധിക്യം കണക്കിലെടുത്താണ് ഇവരോട് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് അറിയിച്ചതെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാക്കളാണ് എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും. അദ്വാനിക്ക് ഇപ്പോൾ 96 വയസ്സുണ്ട്. ജോഷിക്ക് അടുത്ത മാസം 90 വയസ് തികയും. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ സന്ദർശിക്കാനും ചടങ്ങിലേക്ക് ക്ഷണിക്കാനും മൂന്നംഗ സംഘത്തെ നിയോഗിച്ചതായി റായ് പറഞ്ഞു.
ജനുവരി 15നകം ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും പ്രാൺ പ്രതിഷ്ഠക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് ജനുവരി 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു. ആറ് ദർശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും ചടങ്ങിൽ പങ്കെടുക്കും. 4000 പുരോഹിതൻമാരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലൈലാമ, മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ഡയരക്ടർ മധുർ ഭണ്ഡാർക്കർ, മുകേഷ് അംബാനി, അനിൽ അംബാനി, വസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നീലേഷ് ദേശായ് തുടങ്ങിയവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
Adjust Story Font
16