Quantcast

സംഘർഷം അഫ്ഗാനിൽ, വില കൂടിയത് ഇന്ത്യയിൽ; ഇത് ഡ്രൈഫ്രൂട്ടുകളുടെ കഥ

പാക്കിസ്ഥാനിലൂടെയുള്ള എല്ലാ ചരക്ക് നീക്കവും താലിബാന്‍ നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതി കയറ്റുമതി ബന്ധങ്ങളും താലിബാന്‍ അവസാനിപ്പിച്ചതായി ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയരക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Aug 2021 6:50 AM GMT

സംഘർഷം അഫ്ഗാനിൽ, വില കൂടിയത് ഇന്ത്യയിൽ; ഇത് ഡ്രൈഫ്രൂട്ടുകളുടെ കഥ
X

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തിന്റെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടത്. എന്നാല്‍ അഫ്ഗാനിലെ സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ വിപണിയേയും കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കം താലിബാന്‍ തടഞ്ഞതോടെ ഡ്രൈ ഫ്രൂട്ട് വിപണിയില്‍ വന്‍ വിലവര്‍ധനയാണ് വരാനിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ നഷ്ടം വരാനിരിക്കുന്ന ഉത്സവ സീസണില്‍ നികത്താമെന്ന് കരുതിയ കച്ചവടക്കാര്‍ക്ക് അഫ്ഗാന്‍ പ്രതിസന്ധി വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.

പാക്കിസ്ഥാനിലൂടെയുള്ള എല്ലാ ചരക്ക് നീക്കവും താലിബാന്‍ നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതി കയറ്റുമതി ബന്ധങ്ങളും താലിബാന്‍ അവസാനിപ്പിച്ചതായി ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയരക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു. ഇന്ത്യന്‍ ഡ്രൈ ഫ്രൂട്ട് വിപണിയില്‍ വന്‍ വിലവര്‍ധനയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 85 ശതമാനം ഡ്രൈ ഫ്രൂട്ടും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

അഫ്ഗാനിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ വഴിയുള്ള ചരക്ക് നീക്കം താലിബാന്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫലത്തില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിന്ന അവസ്ഥയാണ്. ചരക്കുനീക്കം തുടര്‍ന്നില്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട് വിപണിയില്‍ വലിയ വില വര്‍ധനയുണ്ടാവും. ചരക്ക് നീക്കത്തിന് മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും അജയ് സഹായ് പറഞ്ഞു.

ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ഡ്രൈ ഫ്രൂട്ടുകളുടെ വില ഇരട്ടിയായതായി ഗൗരവ് ജഗ്ഗി എന്ന വ്യാപാരിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ തന്നെ ഡ്രൈ ഫ്രൂട്ട് വിപണിയില്‍ വിലവര്‍ധന കാണാനാവും. ഏതാനും ദിവസങ്ങളായി വില ക്രമാതീതമായി ഉയരുകയാണ്. ഇപ്പോള്‍ നിരവധി ഡ്രൈ ഫ്രൂട്ടുകളുടെ വിളവെടുപ്പ് കാലമാണ്. പക്ഷെ വിതരണശൃംഖല തകര്‍ന്നതിനാല്‍ പുതിയ സ്റ്റോക്ക് എപ്പോള്‍ എത്തുമെന്ന് അറിയില്ലെന്നും ഗൗരവ് ജഗ്ഗി പറഞ്ഞു.

2020-21 വര്‍ഷത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ 1.4 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.52 ബില്യന്‍ ഡോളറായിരുന്നു.2020-21 വര്‍ഷത്തില്‍ 826 മില്യന്‍ ഡോളറിന്റെ കയറ്റുമതിയും 510 മില്യന്‍ ഡോളറിന്റെ ഇറക്കുമതിയുമാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്നത്.

TAGS :

Next Story