മൂന്നാമൂഴത്തിൽ മോദിയുടെ ആദ്യ വിദേശയാത്ര ഇറ്റലിക്ക്; ജി7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സൂചന
ഉന്നതതല പ്രതിനിധി സംഘവും മോദിയെ അനുഗമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്
ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്ന് സൂചന. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി-സെവൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചകോടിയിൽ ഉക്രെയ്നിലെ രൂക്ഷമായ യുദ്ധവും ഗസ്സയിലെ സംഘർഷവും ചർച്ച ചെയ്യപ്പെട്ടേക്കും.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
ജൂൺ 13ന് ഇറ്റലിയിലേക്ക് പോകുമെന്നും 14ന് തിരിച്ചെത്തുമെന്നും പ്രധാമന്ത്രിയുമായി അടുത്ത വൃത്തങൾ അറിയിച്ചു. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ വിദേശ യാത്രയാണിത്. എന്നാൽ മോദിയുടെ ഇറ്റലി സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, തുടങ്ങിയ ഉന്നതതല പ്രതിനിധി സംഘവും മോദിയെ അനുഗമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയടക്കം നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തിയേക്കും.
കഴിഞ്ഞ വർഷം മേയിൽ ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായും മറ്റ് നിരവധി നേതാക്കളുമായും ചർച്ചകൾ നടത്തിയിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി- സെവനിൽ ഉൾപ്പെടുന്നത്.
ഇറ്റലിയാണ് ജി- സെവൻ്റെ നിലവിലെ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നത്. അതിനാലാണ് ഇറ്റലി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയെ കൂടാതെ, ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്തോ-പസഫിക് മേഖല തുടങ്ങിയവിടങ്ങളിലെ 11 വികസ്വര രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലി ക്ഷണിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ജി- സെവനിൽ അംഗമല്ലെങ്കിലും വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
Adjust Story Font
16