Quantcast

യുപി ഉപതെരഞ്ഞെടുപ്പിലും സമാജ്‍വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുപിയില്‍ 10 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2024 5:18 AM GMT

Samajwadi Party and Congress
X

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു ശേഷം യുപി ഉപതെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുപിയില്‍ 10 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിൽ നിന്നുമുള്ള ഒമ്പത് എം.എൽ.എമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും നിയമസഭയില്‍ നിന്നും രാജിവച്ചിരുന്നു.

കൂടാതെ,തീവെപ്പ് കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇർഫാൻ സോളങ്കി എംഎൽഎ അംഗത്വം നഷ്‌ടപ്പെടുന്നതിൻ്റെ വക്കിലാണ് സിഷാമൗ നിയമസഭാ സീറ്റ് ഒഴിയാൻ പോകുന്നത്.കനൗജ് പാർലമെൻ്റ് മണ്ഡലം നിലനിർത്താൻ എസ്.പി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് നേരത്തെ കർഹാൽ നിയമസഭാ സീറ്റ് നേരത്തെ ഒഴിഞ്ഞിരുന്നു. പാർട്ടിയുടെ മിൽകിപൂർ (അയോധ്യ) എം.എൽ.എ അവധേഷ് പ്രസാദും ലാൽജി വർമയും നിയമസഭാംഗത്വം രാജിവച്ചിരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും മോദി-യോഗി ഘടകവും ഇരട്ട എഞ്ചിൻ സർക്കാരും ഉണ്ടായിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശരാശരിയിലും താഴെയുള്ള പ്രകടനത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അഭിമാനത്തിനുള്ള പോരാട്ടമായിരിക്കും. നീണ്ട പത്തുവര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശിന്‍റെ മണ്ണില്‍ വിജയക്കൊടി പാറിച്ച കോണ്‍ഗ്രസും വെറുതെയിരിക്കില്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് അയോധ്യയിലെ മില്‍കിപൂരാണ്. രാമക്ഷേത്രത്തിന്‍റെ പ്രഭാവത്തിലും അയോധ്യ നഗരം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലേറ്റ പരാജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ മില്‍കിപൂരിലേത് പാര്‍ട്ടിയുടെ അഭിമാന പോരാട്ടമാണ്. ഫൈസാബാദിൽ ഒരു പാസി സ്ഥാനാർഥിയോട് പരാജയപ്പെട്ടതിനാൽ മിൽകിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാസി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം അഖിലേഷ് യാദവിൻ്റെ അനന്തരവനും മുൻ മെയിൻപുരി എം.പിയുമായ തേജ് പ്രതാപ് യാദവിനെ കർഹാൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി മത്സരിപ്പിച്ചേക്കും.2022ൽ ബി.ജെ.പി സ്ഥാനാർഥിയും മുൻ എസ്.പി നേതാവുമായ എസ്.പി സിംഗ് ബാഗേലിനെ 67,000 വോട്ടുകള്‍ക്കാണ് അഖിലേഷ് യാദവ് പരാജയപ്പെടുത്തിയത്.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് യുപി കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെയും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.അതേസമയം, ദലിത്, യാദവ-ഒബിസി ഇതര വോട്ടുകൾ എസ്.പിയിലേക്ക് വൻതോതിൽ മാറുന്നത് കണ്ട് എസ്.പിയും മൃദുനിലപാടിലാണ്. യുപിയിൽ വിജയകരമായ സഖ്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഏതാനും സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താൻ താൽപര്യം പ്രകടിപ്പിച്ചത്.ഗസിയാബാദ് ഉൾപ്പെടെ കോൺഗ്രസിന് എസ്.പി ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ വാഗ്ദാനം ചെയ്തേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പിയുടെ റിതേഷ് പാണ്ഡെയെ പരാജയപ്പെടുത്തി അംബേദ്കർ നഗറിൽ നിന്ന് എം.പിയായ ലാൽ ജി വർമയുടെ കാത്തേരിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം. എം.എല്‍.എ സ്ഥാനം രാജിവച്ചാണ് ലാല്‍ ജി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കുന്ദർക്കി (മൊറാദാബാദ്), ഖൈർ (അലിഗഡ്), സദർ (ഗാസിയാബാദ്), ഫുൽപൂർ (പ്രയാഗ്‌രാജ്), മീരാപൂർ, മജ്വ (മിർസാപൂർ) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സീറ്റുകൾ.

TAGS :

Next Story