Quantcast

എതിരാളി ആരായാലും 2026ലും ഡിഎംകെ മാത്രമേ വിജയിക്കൂ; സ്റ്റാലിന് പിന്നാലെ വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2024 8:13 AM GMT

Udhayanidhi Stalin vs Vijay
X

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‍ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 27ന് തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം - ബി ടീം ആരോപണങ്ങൾ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അന്നുമുതൽ, തമിഴ്‌നാട്ടിലെ നേതാക്കൾ, പ്രത്യേകിച്ച് ഡിഎംകെയിൽ നിന്നുള്ളവർ വിജയ്‌യുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. ''നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കും'' ഉദയനിധി പറഞ്ഞു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ''വര്‍ഷങ്ങളായി വിജയ് എന്‍റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു'' ഉദയനിധി കൂട്ടിച്ചേര്‍ത്തു.

വിജയുടെ രാഷ്ട്രീയ പ്രസംഗത്തിന് ശേഷം അതിനോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. കോൺഗ്രസ് നേതാവ് പി. ചിദംബരം അതിനെ പ്രത്യയശാസ്ത്രങ്ങളുടെ മിശ്രിതമാണെന്നാണ് വിശേഷിപ്പിച്ചത്. ടിവികെ ഡിഎംകെയുടെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് മകന്‍ കാര്‍ത്തി ചിദംബരവും പറഞ്ഞു. തമിഴ്‌നാട് നിയമസഭാ സ്പീക്കർ എം. അപ്പാവു ആകട്ടെ ബിജെപിക്ക് വേണ്ടിയുള്ള രജനികാന്തിൻ്റെ പകരക്കാരനാണ് വിജയ് എന്നാണ് പറഞ്ഞത്.

TAGS :

Next Story