Quantcast

പുനീതിന്‍റെ മരണത്തിന് പിന്നാലെ ആശുപത്രികളിലേക്ക് യുവാക്കളുടെ ഒഴുക്ക്; എല്ലാവര്‍ക്കും അറിയേണ്ടത്...

"പുനീത് രാജ്കുമാർ സാറിന്‍റെ മരണശേഷം റിസ്ക് എടുക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനാൽ ഉടൻ തന്നെ ഹാസനിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഈ ആശുപത്രിയിലേക്ക് വന്നു"

MediaOne Logo

Web Desk

  • Published:

    3 Nov 2021 10:20 AM GMT

പുനീതിന്‍റെ മരണത്തിന് പിന്നാലെ ആശുപത്രികളിലേക്ക് യുവാക്കളുടെ ഒഴുക്ക്; എല്ലാവര്‍ക്കും അറിയേണ്ടത്...
X

കന്നട നടന്‍ പുനീത് രാജ്കുമാറിന്‍റെ മരണത്തിനു പിന്നാലെ ബംഗളൂരുവിലെ ആശുപത്രികളില്‍ ഹൃദയപരിധോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ആയിരങ്ങളാണ് പ്രതിദിനം ഹൃദയ പരിശോധനയ്ക്ക് എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

"കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഞങ്ങൾ പ്രതിദിനം 1000 രോഗികളെയാണ് ചികിത്സിച്ചിരുന്നത്. ഇപ്പോൾ പ്രതിദിനം ഏകദേശം 1,800 രോഗികളാണ് വരുന്നത്"- ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വസ്കുലാര്‍ ഡയറക്ടർ ഡോ.സി എൻ മഞ്ജുനാഥ് പറഞ്ഞു.

46കാരനായ നാരായൺ ഹാസന്‍ ജില്ലയില്‍ നിന്നാണ് വരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിയത്. തന്‍റെ ഹൃദയത്തിന് എന്തോ അസുഖം ബാധിച്ചെന്നാണ് അദ്ദേഹത്തിന്‍റെ സംശയം- "പുനീത് രാജ്കുമാർ സാറിന്‍റെ മരണശേഷം റിസ്ക് എടുക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനാൽ ഉടൻ തന്നെ ഹാസനിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഈ ആശുപത്രിയിലേക്ക് വന്നു"- നാരായൺ പറഞ്ഞു.

പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ കര്‍ണാടകയിലെ എല്ലാ ആശുപത്രികളിലും ഹൃദയാരോഗ്യം പരിശോധിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒന്നിലധികം ഹൃദ്രോഗ ലക്ഷണങ്ങളോ പാരമ്പര്യമായി ഹൃദ്രോഗമോ ഉണ്ടെങ്കിലാണ് ജാഗ്രത കാണിക്കേണ്ടതെന്നും ഇതൊരു പകര്‍ച്ചവ്യാധിയല്ലെന്നും ഡോക്ടര്‍മാര്‍ ആശുപത്രികളിലെത്തുന്നവരെ ബോധവല്‍ക്കരിക്കുന്നു. യുവാക്കളാണ് ഇപ്പോള്‍ കൂടുതലായി ഹൃദയ പരിശോധനയ്ക്ക് എത്തുന്നതെന്ന് മണിപ്പാൽ ആശുപത്രിയിലെ ഡോ.സുദർശൻ ബല്ലാൾ പറഞ്ഞു.

"ജിമ്മില്‍ പോയി വ്യായാമം ചെയ്താല്‍ ഹൃദയാഘാതം വരുമോ എന്ന് പലരും ഭയപ്പെടുന്നു. ഇത് ശരിയല്ല. ജിമ്മും ഹൃദയാഘാതവുമായി യാതൊരു ബന്ധവുമില്ല"- സ്റ്റീവ് ജിം ബെംഗളൂരുവിന്റെ സ്ഥാപകൻ ഡി സ്റ്റീവ് പറഞ്ഞു.

പുനീത് രാജ്കുമാറിന് ജിമ്മിൽ വർക്ക്ഔട്ട് ചെയ്തതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതോടെയാണ് ജിമ്മിലെ വ്യായാമം ഹൃദ്രോഗത്തിനു കാരണമാകുമോ എന്ന ഭയം യുവാക്കളിലുണ്ടായത്. സംസ്ഥാന സർക്കാർ ജിമ്മുകൾക്കുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിവരികയാണ്. മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ആരോഗ്യമന്ത്രി ഡോ.കെ സുധാകർ ഡോ.ദേവി ഷെട്ടി, ഡോ മഞ്ജുനാഥ് തുടങ്ങിയ ഹൃദ്രോഗ വിദഗ്ധരുമായി കൂടിയാലോചന നടത്തി.

TAGS :

Next Story