ബംഗാളികള്‍ക്കെതിരെ വിവാദ പരാമര്‍ശം; നടന്‍ പരേഷ് റാവലിനെതിരെ പൊലീസ് കേസ്
പരേഷ് റാവലിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഞ്ഞടിച്ചു
കൊല്‍ക്കൊത്ത: ഗുജറാത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബംഗാളികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് നടന്‍ പരേഷ് റാവലിനെതിരെ കേസ്. മുന്‍ എം.പിയും സി.പി.എം നേതാവുമായ മുഹമ്മദ് സലീമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരേഷ് റാവലിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഞ്ഞടിച്ചു.
ഗുജറാത്തിലെ ജനങ്ങൾ വിലക്കയറ്റം സഹിക്കുമെന്നും എന്നാൽ തൊട്ടടുത്തുള്ള ബംഗ്ലാദേശികളും രോഹിങ്ക്യകളും സഹിക്കില്ലെന്നു ഗ്യാസിന്‍റെ വില കൂടിയാലും ബംഗാളികള്‍ക്ക് മീന്‍ കറിവച്ചുകൊടുക്കേണ്ടി വന്നാല്‍ എന്താകും എന്നായിരുന്നു പരേഷ് റാവല്‍ പറഞ്ഞത്. നടന്‍റെ പരാമർശം ബംഗാളികൾക്കെതിരെ പ്രതികൂലമായ അഭിപ്രായം സൃഷ്ടിക്കുന്നതിനാൽ തന്‍റെ പരാതി എഫ്.ഐ.ആറായി കണക്കാക്കണമെന്നും നടനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊൽക്കത്തയിലെ തല്‌തല പൊലീസ് സ്‌റ്റേഷനിലേക്ക് സലിം പരാതി അയക്കുകയായിരുന്നു.
''ധാരാളം ബംഗാളികള്‍ സംസ്ഥാനത്തിന്‍റെ പരിധിക്ക് പുറത്ത് താമസിക്കുന്നുണ്ട്. പരേഷ് റാവല്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ കാരണം അവരില്‍ പലരും മുന്‍വിധി നേരിടേണ്ടിവരുമെന്ന് പരാതിയില്‍ പറഞ്ഞു. ശത്രുത, മനഃപൂര്‍വ്വം അപമാനിക്കല്‍, മോശം പെരുമാറ്റം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പരേഷ് റാവലിനെതിരെ കുറ്റം ചുമത്തണമെന്നും'' അദ്ദേഹം ആവശ്യപ്പെട്ടു.
''ഗ്യാസ് സിലണ്ടറിന് ചെലവ് കൂടുതലാണ്. പക്ഷേ അതിന്‍റെ വില കുറയും. ആളുകള്‍ക്ക് ജോലിയും ലഭിക്കും. പക്ഷേ നിങ്ങള്‍ക്കു ചുറ്റും റൊഹിഗ്വകളും ബംഗ്ലാദേശികളും താമസിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും? ഡല്‍ഹിയിലൊക്കെ. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് നിങ്ങളെന്തു ചെയ്യും? ബംഗാളികള്‍ക്ക് മീന്‍ കറിവച്ചുകൊടുക്കുമോ? പരേഷ് പറഞ്ഞു'' എന്നായിരുന്നു പരേഷിന്‍റെ വിവാദ പ്രസ്താവന. പരേഷിന്‍റെ പരാമര്‍ശം വലിയ വിമര്‍ശങ്ങള്‍ക്കാണ് വഴിവച്ചത്. ഒടുവില്‍ നടന്‍ മാപ്പു പറയുകയും ചെയ്തു. ബംഗാളി എന്നതുകൊണ്ട് താന്‍ അര്‍ത്ഥമാക്കിയത് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളേയും റൊഹിഗ്യകളേയുമാണ് എന്നാണ് പരേഷ് പറഞ്ഞത്. പക്ഷേ തന്‍റെ പരാമര്‍ശം നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.
of course the fish is not the issue AS GUJARATIS DO COOK AND EAT FISH . BUT LET ME CLARIFY BY BENGALI I MEANT ILLEGAL BANGLA DESHI N ROHINGYA. BUT STILL IF I HAVE HURT YOUR FEELINGS AND SENTIMENTS I DO APOLOGISE. 🙏 https://t.co/MQZ674wTzq
— Paresh Rawal (@SirPareshRawal) December 2, 2022
Adjust Story Font
16