Quantcast

വിധിക്കു ശേഷം സൂറത്തിലെ പ്രാദേശിക ഹോട്ടലിൽ ഉച്ചഭക്ഷണം, സെൽഫി; കൂളായി രാഹുൽ

ഷെഡ്യൂള്‍ പ്രകാരം പഞ്ചനക്ഷത്ര ഹോട്ടലിലാണ് രാഹുലിന് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്

MediaOne Logo

Web Desk

  • Published:

    24 March 2023 7:02 AM GMT

rahul gandhi
X

സൂറത്ത്: അപകീർത്തി കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ശിക്ഷാവിധി കേട്ട ശേഷം കുലുങ്ങാതെ രാഹുൽ ഗാന്ധി. ഷെഡ്യൂൾ തെറ്റിച്ച് നഗരത്തിലെ മജുറ ഗേറ്റിലുള്ള സസുമ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചാണ് രാഹുൽ മടങ്ങിയത്. ഹോട്ടൽ ജീവനക്കാർക്ക് കൈ കൊടുക്കുകയും സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.

കോടതി നടപടികൾക്ക് ശേഷം സൂറത്ത് ഗവണ്‍മെന്‍റ് സർക്യൂട്ട് ഹൗസിലാണ് രാഹുലെത്തിയത്. അവിടെ സംസ്ഥാന നേതാക്കൾക്കും അഭിഭാഷകർക്കുമൊപ്പം 40 മിനിറ്റ് ചർച്ച. മുൻനിശ്ചയിച്ച പ്രകാരം അത്‌വാലൈൻസിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. എന്നാൽ പ്രാദേശിക സൂറത്ത് രുചിയാണ് രാഹുൽ തെരഞ്ഞെടുത്തത്. നേരെ വാഹനവ്യൂഹത്തോടൊപ്പം സസുമ റസ്റ്ററന്റിലേക്ക്.

ഗുജറാത്ത് പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ജഗ്ദീഷ് ഠാക്കൂർ, സഭാ കക്ഷി നേതാവ് അമിത് ചാവ്ദ, ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി രഘു ശർമ്മ, എംഎൽഎമാർ തുടങ്ങിയവർ രാഹുലിന് ഒപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്, 'എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തു കൊണ്ടു വന്നു?' എന്ന പരാമർശത്തിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ കോടതി രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. 2019 ഏപ്രിൽ 13ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.

പ്രതി പാർലമെന്റ് അംഗമാണെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും വിധി പ്രസ്താവിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജഡ്ജി എച്ച്എച്ച് വർമ പറഞ്ഞു. ചൗക്കീദാർ ചോർഹെ എന്ന പരാമർശത്തിൽ മാപ്പുപറഞ്ഞ വേളയിൽ ഭാവിയിൽ ശ്രദ്ധിക്കണമെന്ന് സുപ്രിംകോടതി പ്രതിയെ ഓർമിപ്പിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഹുലിന്‍റെ ലോക്സഭാ അംഗത്വം ചോദ്യം ചെയ്യപ്പെടുന്ന വിധിയില്‍ തുടർനിയമനടപടികൾ ആലോചിക്കാൻ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേസ് നടത്താൻ ആർഎസ് ചീമ, അഭിഷേക് മനു സിങ്‌വി, പി ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ എന്നിവർ അംഗങ്ങളായ സമിതിക്ക് രൂപം നൽകുകയും ചെയ്തു. രാഹുലിന് അയോഗ്യത കൽപ്പിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തുനൽകിയിട്ടുണ്ട്.





TAGS :

Next Story