പ്രതിഷേധങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളുടെ വീട് സന്ദർശിക്കാനൊരുങ്ങി കർണാടക മുഖ്യമന്ത്രി
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കർണാടകയിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിന്റെ വീട് മാത്രമാണ് കർണാടക മുഖ്യമന്ത്രി സന്ദർശിച്ചത്.
ബെഗംളൂരു: പ്രതിഷേധങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളുടെ വീട് സന്ദർശിക്കാനൊരുങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കർണാടകയിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിന്റെ വീട് മാത്രമാണ് കർണാടക മുഖ്യമന്ത്രി സന്ദർശിച്ചത്. സന്ദർശന സമയത്ത് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തന് 25 ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യപിച്ചിരുന്നു.
ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ സമീപനം തുല്യനീതിയുടെ ലംഘനമാണെന്നും ആരോപണമുയർന്നു. ദുരിധാശ്വാസനിധി പൊതുസ്വാത്താണെന്നും പാർട്ടി ഫണ്ട് അല്ലെന്നും മുസ്ലിം നേതാക്കൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന സമാധാനയോഗം മുസ്ലിം നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു. സർക്കാരിന്റെ വിവേചനപരമായ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണ നടപടി.
ബൊമ്മൈ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറണമെന്നുമായിരുന്നു ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ വിമർശനം.
പ്രതിഷേധം ശക്തമായതോടെ മസൂദ്, മുഹമ്മദ് ഫാസിൽ എന്നിവരുടെ വീടുകൾ സാന്ദർശിക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ തീരുമാനം. പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ 19 കാസർഗോഡ് മെഗ്രാൽപൂത്തൂർ മുഹമ്മദ് മസൂദിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ദക്ഷിണകന്നഡ ജില്ലകളിൽ അക്രമസംഭവങ്ങൾ തുടങ്ങിയത്. സംഭവത്തിൽ ബജ്‌റംഗ്ദൾ, വി.എച്ച്.പി പ്രവർത്തകരാണ് പിടിയിലായത്. തുടർന്ന് ജൂലൈ 26ന് സുള്ള്യ ബെല്ലാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ടത്. മുഹമ്മദ് ഫാസിലും മസൂദും ഒരു രാഷ്ട്രീയ പാർട്ടികളിലും അംഗങ്ങളല്ലായെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16