അഗ്നിപഥ് പ്രതിഷേധം; പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സെക്കന്തരാബാദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്
തെലങ്കാന: അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സെക്കന്തരാബാദിൽ രാവിലെ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷന് തീവെച്ചിരുന്നു. പല ഇടങ്ങളിലും പൊലീസിന് സംഘർഷം നിയന്ത്രിക്കാനായില്ല.
സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെിരെ ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. ബിഹാറിലും യു.പിയിലും തെലങ്കാനയിലും ഇന്ന് പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സൈന്യത്തിലേക്ക് താൽക്കാലിക നിയമനം നൽകുന്നതിനെതിരെ യുവാക്കളുടെ വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടാകുന്നത്. ബിഹാറിലെ ലകിസരായിൽ പ്രതിഷേധക്കാർ വിക്രം ശില എക്സ്പ്രസിന് തീവെച്ചു. മൊഹിയുദ്ദിനഗർ സ്റ്റേഷനിൽ ജമ്മു താവി ഗുവാഹത്തി എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് തീവെപ്പിൽ കത്തിനശിച്ചത്. ആരയിലും ബസ്കറിലും പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷൻ അടിച്ചു തകർത്തു. ഡൽഹി- കൊൽക്കത്ത സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയും പ്രതിഷേധക്കാർ അടച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ ബേട്ടിയയിലെ വീടിന് നേരെ കല്ലേറുണ്ടായി.
യു.പിയിലെ ബലിയയിലും വരാണസിയിലും പ്രതിഷേധമുണ്ടായി. പ്രതിഷേധങ്ങൾക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൽ പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിമർശനം. രാജ്യത്തിന് വേണ്ടത് എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.
Adjust Story Font
16