Quantcast

'ഞാൻ വീണ്ടും ആവർത്തിക്കുന്നു... അഗ്നിവീറുകൾ നേടിയെടുക്കുന്ന വൈദഗ്ധ്യം അവരെ മികച്ചവരാക്കും'; റിക്രൂട്ട് ചെയ്യാൻ താൽപര്യമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര

'അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമങ്ങളിൽ ദുഃഖമുണ്ട്'

MediaOne Logo

Web Desk

  • Updated:

    2022-06-20 04:15:41.0

Published:

20 Jun 2022 3:46 AM GMT

ഞാൻ വീണ്ടും ആവർത്തിക്കുന്നു... അഗ്നിവീറുകൾ നേടിയെടുക്കുന്ന വൈദഗ്ധ്യം അവരെ മികച്ചവരാക്കും; റിക്രൂട്ട് ചെയ്യാൻ താൽപര്യമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര
X

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി തുടരുന്നതിനിടയിൽ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് പദ്ധതിയിലൂടെ അഗ്നിവീറുകൾക്ക് ലഭിക്കുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ ബിസ്‌നസ്സ് ഗ്രൂപ്പിന് താൻപര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും തനിക്ക് ദുഃഖമുണ്ടെന്നും മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

'അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമങ്ങളിൽ ദുഃഖമുണ്ട്. കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു.. അഗ്നിവീറുകൾ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുന്നു.. പരിശീലനം ലഭിച്ച യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു'- മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ഏതൊക്കെ സ്ഥാപനങ്ങളിലായിരിക്കും അഗ്നിവീറുകളെ നിയമിക്കുക എന്ന ചോദ്യത്തിന് കോർപ്പറേറ്റ് മേഖലകളിൽ വലിയ സാധ്യതകൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മികച്ച ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ ലഭിക്കുന്നതിലൂടെ അവർക്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഗ്‌നിപഥിലെ വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്‌നിവീറുകൾക്കു പ്രത്യേക ഇളവുകൾ നൽകിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിവരിച്ചു വ്യോമസേന നേരത്തെ അറിയിപ്പ് നൽകിയിരുന്നു. 70 ശതമാനം തുക നേരിട്ട് അഗ്‌നിവീർ അംഗങ്ങളുടെ അകൗണ്ടിൽ ലഭിക്കും. ബാക്കി മുപ്പതും സർക്കാരിന്റെ വിഹിതവും കൂടി ചേർത്ത് കോർപസ് ഫണ്ടാക്കി കാലാവധി പൂർത്തിയാക്കുമ്പോൾ നൽകും. സിയാച്ചിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയമിക്കപ്പെടുന്നവർക്ക് സ്ഥിരം സൈനികർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.

വ്യോമസേനയിൽ രജിസ്‌ട്രേഷൻ 24നും നാവിക സേനയിൽ 25നും ആരംഭിക്കും. കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റിലായിരിക്കും വ്യോമസേനയിൽ ആദ്യഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24നു നടക്കുമ്പോൾ നാവിക സേനയുടെ ആദ്യ ബാച്ച് നവംബർ 21ന് പരിശീലനം തുടങ്ങും. കരസേനയിലും വ്യോമസേനയിലും പരിശീലന തുടക്കം ഡിസംബർ മാസത്തിലായിരിക്കും.

ഏതെങ്കിലും കേസുകളുടെ എഫ്.ഐ.ആറിൽ പേരുള്ളവർക്ക് അഗ്‌നിപഥ് പദ്ധതി വഴി ജോലി ലഭിക്കില്ല. രാജ്യവ്യാപകമായി പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

പദ്ധതി ഇങ്ങനെ-

. സേവന കാലാവധി 4 വർഷം. നിയമനം 17.5 - 21 വയസ്സു വരെയുള്ളവർക്ക്.

. സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്‌മെൻറ് റാലികളിലൂടെയായിരിക്കും നിയമനം.

. 10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.

. പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. അതായത് പ്രതിമാസം 30,000 മുതൽ 40,000 വരെ ശമ്പളം. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്‌ക് അലവൻസ് ലഭിക്കും.

. പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും.

. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.

. 10ാം ക്ലാസ് പാസായവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ 12ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും.

. സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.

. സേവനത്തിനിടെ പരിക്കേറ്റാൽ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും.

. സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് 4 വർഷത്തിനു ശേഷം നിയമനം നീട്ടി നൽകും. 15 വർഷത്തേക്കാണ് നിയമനം. അടുത്ത വർഷം ജൂലൈയിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.

TAGS :

Next Story