'അഗ്‌നിവീറുകൾക്ക് ഡ്രൈവിങ്, മുടിവെട്ടല്‍ പരിശീലനം നൽകും'; പൊല്ലാപ്പായി കേന്ദ്രമന്ത്രിയുടെ അഗ്‌നിപഥ് വിശദീകരണം
ബി.ജെ.പി ഓഫീസുകളിലെ സെക്യൂരിറ്റി തസ്തികകളിൽ അഗ്‌നിവീറുകൾക്ക് മുൻഗണന നൽകുമെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയുടെ പ്രസ്താവന വലിയ തോതിൽ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു
ന്യൂഡൽഹി: ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയ്ക്കു പിന്നാലെ അഗ്‌നിപഥുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ഡ്രൈവിങ്, ഇലക്ട്രീഷ്യൻ, ബാർബർ പരിശീലനം നൽകുമെന്ന് റെഡ്ഡി അവകാശപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങൾക്കു മുന്നിൽ അഗ്‌നിപഥ് വിശദീകരണം നടത്തുകയായിരുന്നു മന്ത്രി.
അഗ്‌നിവീറുമാർക്ക് ഡ്രൈവിങ്, ബാർബർ, ക്ലീനിങ്, ഇലക്ട്രീഷ്യൻ തുടങ്ങിയ പരിശീലനങ്ങളും നൽകും. നാലു വർഷത്തെ സേവനത്തിനുശേഷം ഈ തസ്തികകളിലേക്ക് അഗ്‌നിവീറുകളെ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ജി. കിഷൻ റെഡ്ഡി വിശദീകരിച്ചു.
റെഡ്ഡിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. അഗ്‌നിപഥ് പദ്ധതി പ്രകാരം ഡ്രൈവർ, ഇലക്ട്രീഷ്യൻ അടക്കമുള്ള തൊഴിലുകൾക്ക് പരിശീലനം നൽകാനുള്ള വേദിയാക്കി രാജ്യത്തെ സായുധസേന മാറുമെന്നും വലിയൊരു നേട്ടമാണ് വരാൻ പോകുന്നതെന്നും ശിവസേന നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുർവേദി പരിഹസിച്ചു. മന്ത്രിയുടെ വിശദീകരണ വിഡിയോ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പരിഹാസം.
നേരത്തെ, ബി.ജെ.പി ഓഫീസുകളിലെ സുരക്ഷാ വിഭാഗത്തിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ പ്രസ്താവിച്ചിരുന്നു. രാജ്യവ്യാപകമായി 'അഗ്നിപഥ്' വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെയുള്ള ബി.ജെ.പി നേതാവിന്റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവരുന്നത്. കൈലാഷിന്റെ പ്രസ്താവനയ്ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൈലാഷ് വിജയവാർഗിയയുടെ വിശദീകരണം. മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്നിവീറുകളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലും ചൈനയിലും ഫ്രാൻസിലുമെല്ലാം കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തിൽ റിട്ടയർമെന്റ് പ്രായം കൂടുതലാണ്. അത് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നെഞ്ചിൽ അഗ്നിവീർ എന്ന ബാഡ്ജോടെയായിരിക്കും അവർ സൈന്യത്തിൽനിന്ന് വിരമിക്കുക. ബി.ജെ.പി ഓഫീസിൽ സുരക്ഷാജീവനക്കാരുടെ ആവശ്യമുണ്ടെങ്കിൽ അഗ്നിവീറുകൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: 'Agniveers will be trained with skills of drivers, electricians, washer-men and barbers…': Union minister G Kishan Reddy
Adjust Story Font
16