Quantcast

ശിവജി തടവിലാക്കപ്പെട്ടിരുന്നെന്ന് പറഞ്ഞു; ആഗ്രയിൽ മുസ്‌ലിം ഗൈഡിനെ ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ മൂക്ക് ഉരതാൻ നിർബന്ധിച്ച് ടൂറിസ്റ്റുകൾ

മഹാരാഷ്ട്രയിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് പ്രാദേശിക ഗൈഡായ സഗീർ ബെയ്ഗിനെ ആഗ്ര കോട്ടയിൽ അപമാനിച്ചത്.

MediaOne Logo

Web Desk

  • Published:

    1 March 2025 12:57 PM

Agra guide forced to rub nose on ground over historical fact on Shivaji
X

ലഖ്‌നൗ: ശിവജിയെക്കുറിച്ചുള്ള ചരിത്ര വസ്തുത പറഞ്ഞതിന് മുസ്‌ലിം ഗൈഡിനെ അപമാനിച്ച് ടൂറിസ്റ്റുകൾ. മഹാരാഷ്ട്രയിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് പ്രാദേശിക ഗൈഡായ സഗീർ ബെയ്ഗിനെ ആഗ്ര കോട്ടയിൽ അപമാനിച്ചത്. ശിവജിയെക്കുറിച്ച് തെറ്റായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ടൂറിസ്റ്റുകൾ ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ മൂക്ക് ഉരസാൻ നിർബന്ധിച്ചത്.

ശിവജി ആഗ്ര കോട്ടയിൽ തടവിലാക്കപ്പെട്ടിരുന്നുവെന്നും അത് രേഖപ്പെടുത്തപ്പെട്ട ചരിത്ര സംഭവമാണെന്നും ബെയ്ഗ് പറഞ്ഞിരുന്നു. ഇതിൽ രോഷാകുലരായ ടൂറിസ്റ്റുകൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗെയ്ഡ് പറഞ്ഞത് തെറ്റായ വസ്തുതയാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബെയ്ഗിനോട് മൂക്ക് ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ ഉരക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ടൂറിസ്റ്റുകൾ ബെയ്ഗിനോട് ആക്രോശിക്കുകയും ശക്തമായി തള്ളിയിടുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫെബ്രുവരി 26ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ശിവജി പ്രതിമക്ക് മുന്നിൽ മൂക്ക് ഉരസാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ക്ഷമാപണം നടത്തുകയും വിനോദസഞ്ചാരികൾ പറഞ്ഞതുപോലെ മൂക്ക് പ്രതിമയുടെ കാൽച്ചുവട്ടിൽ ഉരസുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

1681 മുതൽ 1689 വരെ മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായി ഭരണം നടത്തിയിരുന്ന ശിവജിയുടെ മൂത്ത മകൻ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ചിത്രീകരിക്കുന്ന ആക്ഷൻ സിനിമയായ ഛാവ പുറത്തിറങ്ങിയ ശേഷമാണ് ശിവജിയെക്കുറിച്ചും മറാത്ത സാമ്രാജ്യത്തെ കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായത്.

1666ൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ആണ് ഛത്രപതി ശിവജിയെയും മകൻ സംഭാജിയെയും ആഗ്ര കോട്ടയിൽ തടവിലാക്കിയത്. മറാത്താ സൈന്യവും മുഗളരും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉടമ്പടിക്കായാണ് ശിവജിയും മകനും മുഗൾ കോടതിയിൽ എത്തിയത്. തണുത്ത സ്വീകരണമാണ് അവർക്ക് ലഭിച്ചത്. ശിവജി അപമാനിക്കപ്പെട്ടത് സമാധാന ചർച്ചകൾക്ക് തടസ്സമായി. തുടർന്നാണ് ശിവജിയെയും മകനെയും ആഗ്രാ കോട്ടയിൽ തടവിലാക്കിയത്.

TAGS :

Next Story