'അവഗണിക്കുന്നവർ കടക്കുപുറത്ത്'; ബിജെപി എം.പിയെ തടഞ്ഞ് രാംലല്ല വിഗ്രഹത്തിനുള്ള കല്ല് നൽകിയ ദലിത് ഗ്രാമനിവാസികൾ
ദശാബ്ദങ്ങളായി തങ്ങളെ ബിജെപി അധികാരികൾ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.
ബെംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കർണാടകയിലെ ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ ബിജെപി എം.പിയെ തടഞ്ഞ് ദലിതർ. മൈസൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹം നിർമിക്കാനുള്ള കല്ല് വിതരണം ചെയ്ത ഗ്രാമത്തിലെ ആളുകളാണ് മൈസൂർ- കൊഡഗ് എം.പിയായ പ്രതാപ് സിംഹയെ തടഞ്ഞത്.
ദശാബ്ദങ്ങളായി തങ്ങളെ ബിജെപി അധികാരികൾ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം. സിംഹയും പ്രദേശവാസികളും തമ്മിൽ രൂക്ഷമായ തർക്കമാണുണ്ടായത്. ഇതിനിടെ, എം.പിക്ക് നേരെ ക്ഷുഭിതരായ ഗ്രാമീണരെ പൊലീസുകാർ വലിച്ചിഴച്ചു. നിലവിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ സെക്കുലർ എം.എൽ.എ ജി.ടി ദേവഗൗഡയും എം.പിക്കൊപ്പമുണ്ടായിരുന്നു.
'നിങ്ങൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. ഞങ്ങളും ശ്രീരാമനെ ബഹുമാനിക്കുന്നു. ദയവായി പുറത്തുകടക്കുക'- ഗ്രാമവാസികൾ എം.പിയോട് പറഞ്ഞു. 2014ലും 2019ലും മൈസൂർ-കൊഡക് ലോക്സഭാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണ് മുൻ യുവമോർച്ചാ സംസ്ഥാന അധ്യക്ഷനായ സിംഹ.
കുറച്ചുനേരത്തെ വാദപ്രതിവാദങ്ങൾക്കു ശേഷം പ്രതിഷേധത്തിൽ മുട്ടുമടക്കിയ സിംഹ പിന്തിരിയുകയും വാഹനത്തിൽ കയറി തിരികെ പോവുകയുമായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായിരുന്നു സിംഹയുടെ മൈസൂർ ഗ്രാമത്തിലെ സന്ദർശനം.
Adjust Story Font
16