ഹൈദരാബാദിൽ 'രാം കേ നാം' ഡോക്യുമെന്ററിയുടെ പ്രദർശനം വി.എച്ച്.പി പ്രവർത്തകർ തടഞ്ഞു
വി.എച്ച്.പിയുടെ പരാതിയിൽ ഫിലിം ക്ലബ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദ്: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ ഹൈദരാബാദിലെ സൈനിക്പുരിയിൽ 'രാം കേ നാം' ഡോക്യുമെന്ററിയുടെ പ്രദർശനം വി.എച്ച്.പി പ്രവർത്തകർ തടഞ്ഞു. സിനിമാ പ്രേമികളുടെ കൂട്ടായ്മയായ ഹൈദരാബാദ് സിനിഫൈൽസ് ആണ് പ്രദർശനം സംഘടിപ്പിച്ചിരുന്നത്.
Hindutva extremists disrupted the screening of Anand Patwardhan's 'Ram ke Naam' in #Hyderabad today. These miscreants aim to suppress the truth that #RamMandir is illegally constructed on #BabriMasjid land.#RamMandirPranPratishta pic.twitter.com/gDPYGw6CoH
— Faheem (@stoppression) January 20, 2024
പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ വർഗീയ വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവർത്തകനായ റിത്വിക് പണ്ഡ്‌റംഗി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഫിലിം ക്ലബ് അംഗങ്ങളായ ആനന്ദ് സിങ്, പരാഗ് വർമ, കഫെ ഉടമയായ ശ്രുജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.പി.സി സെക്ഷൻ 290 (പൊതുശല്യം), 295എ (മതവികാരം വ്രണപ്പെടുത്തൽ), 34 (സംഘടിത കുറ്റകൃത്യം) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത പ്രശസ്തമായ ഡോക്യുമെന്ററിയാണ് 'രാം കേ നാം'. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയാൻ വിശ്വ ഹിന്ദു പരിഷത് നടത്തിയ ആസൂത്രിത പ്രചാരണമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ഡോക്യുമെന്ററിക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Adjust Story Font
16