അഹമ്മദാബാദ് സ്ഫോടനകേസ് വിധി; ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന് പിതാവ് അബ്ദുൾ കരീം
വിധി തീർത്തും അവിശ്വസനീയമാണ്. ജയിലിൽ കിടന്ന സമയത്താണ് സ്ഫോടനം നടന്നത്. ഈ കേസിലെ മറ്റ് പ്രതികളുമായി ബന്ധമില്ലെന്നും പിതാവ് പറഞ്ഞു
അഹമ്മദാബാദ് സ്ഫോടനക്കേസിൽ ശിക്ഷ വിധിച്ച ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന് പിതാവ് അബ്ദുൾ കരീം. വിധി തീർത്തും അവിശ്വസനീയമാണ്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സമീപിച്ചാൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വെറുതെ വിടുമെന്നാണ് പ്രതീക്ഷിച്ചത്. സംഭവം നടക്കുന്നതിന് നാല് മാസം മുൻപ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലിൽ കിടന്ന സമയത്താണ് സ്ഫോടനം നടന്നത്. ഈ കേസിലെ മറ്റ് പ്രതികളുമായി ബന്ധമില്ലെന്നും പിതാവ് പറഞ്ഞു.
അഹമ്മദാബാദ് സ്‌ഫോടനകേസിൽ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് കോടതി വിധിച്ചത്. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ.
മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്.
Adjust Story Font
16