Quantcast

എംഡിഎംഎ കേസിൽ നിന്നൂരാൻ ഒരു കോടി രൂപ; അഹമ്മദാബാദിൽ ബിൽഡറെ പറ്റിച്ച് പണം തട്ടി 'ഡിജിറ്റൽ അറസ്റ്റ്' സംഘം

കഴിഞ്ഞ ദിവസം വെർച്വൽ അറസ്റ്റ് തട്ടിപ്പ് നടത്താൻ വന്ന സംഘത്തെ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് ക്യാമറയിൽ കുടുക്കിയത് വാർത്തയായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Nov 2024 12:02 PM GMT

digital arrest scam
X

ഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഇത്തവണ കുടുക്കിയത് അഹമ്മദാബാദിലെ ഒരു ബിൽഡറെയാണ്. സൈബർ കുരുക്കിൽ ഒരു കോടി രൂപയാണ് ഇയാൾക്ക് നഷ്‌ടമായത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് വ്യാപകമാകുന്നതിനാൽ ജനങ്ങൾ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ജൂലൈ 3നാണ് കേസിനാസ്‌പദമായ സംഭവം. മുംബൈയിലെ അന്ധേരി ഫെഡെക്‌സ് കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് ഒരു ഫോൺ കോൾ തട്ടിപ്പിനിരയായ ബിൽഡർക്ക് ലഭിക്കുന്നത്.

തന്റെ പേരിലുള്ള ഒരു പാഴ്‌സലിൽ 550 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് ഉണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. തുടർന്ന് ഒരു 'എൻസിബി' ഉദ്യോഗസ്ഥന് ഫോൺ കൈമാറി. ശേഷം, ഓൺലൈൻ ഇൻക്വയറിക്കായി വീഡിയോ കോൾ ചെയ്യാനായിരുന്നു നിർദേശം. സ്കൈപ്പ് വീഡിയോ കോളിൽ പൊലീസ് സ്റ്റേഷനിൽ ഒരാൾ ഇരിക്കുന്നത് കാണാമായിരുന്നു.

വീഡിയോ കോളിലെ ആൾ പൊലീസ് ഇൻസ്‌പെക്‌ടർ പ്രദീപ് സാവന്ത് ആണെന്ന് സ്വയം പരിചയപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം കുറ്റം സമ്മതിക്കാൻ ബിൽഡറെ നിർബന്ധിച്ചു. വിശ്വസിപ്പിക്കാനായി അടുത്തിടെ മുംബൈയിൽ ഇയാൾ നടത്തിയ 50 കോടിയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇവർ പറഞ്ഞിരുന്നു. കേസിൽ നിന്ന് ഊരാൻ ഒരു കോടി രൂപ നൽകണമെന്നായിരുന്നു അടുത്ത ആവശ്യം. അല്ലെങ്കിൽ സിബിഐ, ഇഡി, എൻസിബി, മുംബൈ സൈബർ ക്രൈം സെൽ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് ഓൺലൈനായി ഒരു കോടി രൂപ ഇയാൾ നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് 'അന്വേഷണ ഉദ്യോഗസ്ഥരിൽ' നിന്ന് ഒരു വിവരവും ലഭിച്ചില്ല. അവരെ ബന്ധപ്പെടാനും സാധിച്ചില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. തുടർന്ന്, അഹമ്മദാബാദ് സൈബർ ക്രൈം സെല്ലിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

കേരളത്തിലും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുസംഘം വലവിരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം വെർച്വൽ അറസ്റ്റ് തട്ടിപ്പ് നടത്താൻ വന്ന സംഘത്തെ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് ക്യാമറയിൽ കുടുക്കിയത് വാർത്തയായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.

ഒരു പരസ്യ തട്ടിപ്പില്‍ അശ്വഘോഷിന്റെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്‍ സെല്ലിന് കോൾ കൈമാറുകയാണെന്നും പറഞ്ഞു. എന്നാൽ, സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്‍കി അവരുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നും ഇത്തരക്കാര്‍ വിളിക്കുമ്പോള്‍ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുതെന്നും അശ്വഘോഷ് മുന്നറിയിപ്പും നൽകിയിരുന്നു.

TAGS :

Next Story