ബി.ജെ.പിക്ക് കനത്ത തിരിച്ചടി; തമിഴ്‌നാട്ടിൽ സഖ്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി സഹകരിച്ചുപോകാനാവില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ. ദേശീയ തലത്തിൽ എൻ.ഡി.എയിൽ തുടരും. സംസ്ഥാനത്ത് ഇനി എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യകക്ഷികളല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു.
'എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിലില്ല. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാകും ഇനി സഖ്യം തീരുമാനിക്കുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ'-ഡി. ജയകുമാർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പരമർശമാണ് എ.ഐ.എ.ഡി.എം.കെയുടെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെയുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിന് വേണ്ടിയാണെന്നും തങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് തമിഴ്‌നാട്ടിൽ ജയിക്കാനാവില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് സി.വി ഷൺമുഖൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16