നിങ്ങളുടെ സുഹൃത്ത് അമിത് ഷായുടെ മകൻ ജയ് ഷായോട് ചോദിക്കൂ; സൗജന്യ ഐപിഎല്‍ ടിക്കറ്റ് ചോദിച്ച എം.എല്‍.എയോട് ഉദയനിധി സ്റ്റാലിന്‍
ഡിഎംകെ സർക്കാരിന് ഐപിഎൽ മത്സരങ്ങൾക്കായി 400 ടിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിപക്ഷ എം.എൽ.എമാർക്ക് ഒരു ടിക്കറ്റ് പോലും നൽകിയില്ലെന്നും വേലുമണി നിയമസഭയിൽ പറഞ്ഞു
ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: പ്രതിപക്ഷ എം.എൽ.എമാർക്ക് സൗജന്യ ഐപിഎൽ ടിക്കറ്റ് നൽകണമെന്ന് എഐഎഡിഎംകെ എം.എല്‍.എ എസ്.പി വേലുമണി ആവശ്യപ്പെട്ടു. എഐഎഡിഎംകെ അധികാരത്തിലിരുന്നപ്പോൾ എം.എൽ.എമാർക്ക് സൗജന്യ മാച്ച് ടിക്കറ്റ് നൽകിയിരുന്നെന്നും വേലുമണി കായികമന്ത്രി ഉദയനിധി സ്റ്റാലിനോട് പറഞ്ഞു. എന്നാല്‍ ബി.സി.സി.ഐ സെക്രട്ടറി ജയ്‍ ഷായോട് ചോദിക്കൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഡിഎംകെ സർക്കാരിന് ഐപിഎൽ മത്സരങ്ങൾക്കായി 400 ടിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിപക്ഷ എം.എൽ.എമാർക്ക് ഒരു ടിക്കറ്റ് പോലും നൽകിയില്ലെന്നും വേലുമണി നിയമസഭയിൽ പറഞ്ഞു. "ബി.സിസി.ഐ സെക്രട്ടറി നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകൻ ജയ് ഷായാണ്. ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹം ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാറില്ല. നിങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് എം.എൽ.എമാർക്ക് അഞ്ച് ടിക്കറ്റെങ്കിലും എടുക്കുന്നതാണ് നല്ലത്.'' ഉദയനിധി മറുപടി നല്‍കി. തന്‍റെ മണ്ഡലത്തിലെ കായിക താരങ്ങൾക്കായി 150 ടിക്കറ്റുകൾക്ക് താൻ പണം നൽകിയതെന്നും മന്ത്രി അറിയിച്ചു.
''എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്കായി എം.എൽ.എമാർക്ക് ഐപിഎൽ ടിക്കറ്റ് നൽകിയെന്ന് എഐഎഡിഎംകെ നേതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വർഷമായി സ്റ്റേഡിയത്തിൽ മത്സരങ്ങളൊന്നും നടന്നില്ല. പാർട്ടി ആർക്കാണ് ടിക്കറ്റ് വാങ്ങിയെന്നാണ് അത്ഭുതം'' ഉദയനിധി പറഞ്ഞു.
Adjust Story Font
16