Quantcast

'രാമക്ഷേത്രം സന്ദർശിച്ചതിന് അനീതി നേരിട്ടു'; കോൺഗ്രസ് വിട്ട് ദേശീയ വക്താവ്

രാമക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം എക്സില്‍ പ്രൊഫൈലാക്കിയതിനു പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    5 May 2024 3:31 PM GMT

രാമക്ഷേത്രം സന്ദർശിച്ചതിന് അനീതി നേരിട്ടു; കോൺഗ്രസ് വിട്ട് ദേശീയ വക്താവ്
X

ന്യൂഡൽഹി: പാർട്ടിയിൽ വിവേചനവും അനീതിയും നേരിട്ടെന്ന് ആരോപിച്ച് കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ച് എ.ഐ.സി.സി വക്താവ് രാധിക ഖേര. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ, ചത്തിസ്ഗഢ് നേതൃത്വത്തിൽനിന്നു നേരിട്ട മോശം പെരുമാറ്റം ഉൾപ്പെടെയാണു രാജിക്കു കാരണമായി പറയുന്നത്. മുതിർന്ന നേതാക്കൾക്ക് നിരന്തരം പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് രാധിക പറയുന്നു.

എക്‌സിലൂടെയാണ് രാധിക ഖേര രാജിവിവരം പരസ്യമാക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നൽകിയ രാജിക്കത്തും അവർ പങ്കുവച്ചിട്ടുണ്ട്. പാർട്ടിക്കു വേണ്ടി ആയുസ്സിലെ 22 വർഷത്തോളം സമർപ്പിച്ചയാളാണ് താൻ. എൻ.എസ്.യു.ഐ കാലഘട്ടം മുതൽ കോൺഗ്രസ് മാധ്യമവിഭാഗത്തിൽ വരെ ആത്മാർഥതയോടെയാണു പ്രവർത്തിച്ചിട്ടുള്ളത്. എന്നിട്ടും അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നതെന്ന് രാധിക പറഞ്ഞു.

ചത്തിസ്ഗഢ് കോൺഗ്രസ് ഓഫിസിൽ നേതൃത്വത്തിൽനിന്ന് അപമര്യാദ നേരിട്ട സംഭവത്തിൽ തനിക്കു നീതി നിഷേധിച്ചെന്നും അവർ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. വലിയ വേദനയോടെയാണ് പാർട്ടി പദവിയിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവയ്ക്കുന്നത്. എല്ലാ സ്ഥാനത്തുനിന്നും ഒരുപാടുപേർക്കു നീതിക്കായി പോരാടിയിട്ടുണ്ട്. എന്നാൽ, സ്വന്തം കാര്യം വന്നപ്പോൾ പാർട്ടിയിൽ അവഗണന നേരിട്ടു. ശ്രീരാമന്റെ ഭക്തയെന്ന നിലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഹിന്ദുവാണെന്ന് ഒറ്റക്കാരണത്തിന്, അയോധ്യ സന്ദർശിച്ചുവെന്ന ഒറ്റപ്പേരിൽ തനിക്കു നീതി കിട്ടിയില്ലെന്നും അവർ തുടരുന്നു.

കോൺഗ്രസിന്റെ പോരാട്ടം ഏതെങ്കിലും പാർട്ടിയുമായാണോ അഥോ രാംലല്ലയുമായാണോ എന്നും രാധിക ചോദിച്ചു. ആറു ദിവസത്തോളം കാത്തിരുന്ന് നീതിക്കായി അപേക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് 22 വർഷത്തിനുശേഷം പാർട്ടിയിൽനിന്നു രാജിവയ്ക്കുകയാണെന്നും അവർ അറിയിച്ചു.

രാജി പരസ്യമാക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് എക്‌സിൽ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു രാധിക. രാമക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് പുതിയ പ്രൊഫൈലായി ചേർത്തിരിക്കുന്നത്.

Summary: AICC spokesperson Radhika Khera resigns over ‘injustice’ in party due to Ram Mandir visit

TAGS :

Next Story