ശശി തരൂര്‍ അടക്കം 5 എംപിമാർക്ക് എ.ഐ.സി.സി വോട്ടർ പട്ടിക നൽകും
കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു
ശശി തരൂര്‍ അടക്കം അഞ്ച് എംപിമാർക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക എ.ഐ.സി.സി നൽകും. എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു. മറുപടി തൃപ്തികരമാണെന്ന് ശശി തരൂർ പ്രതികരിച്ചു.
വോട്ടര്‍ പട്ടിക ആവശ്യപ്പെടുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മധുസൂദൻ മിസ്ത്രിക്ക് അയച്ച കത്തിൽ എംപിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിർദേശ പ്രക്രിയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാൻ ഇതുവഴി സാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാർഥികളാകാൻ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. ഈ ആവശ്യം അംഗീകരിച്ചാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുമെന്നും എംപിമാർ കത്തിൽ പറയുകയുണ്ടായി.
തരൂരിനെ കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്. 2020ൽ സോണിയ ഗാന്ധിക്കു കത്തെഴുതിയ ജി 23 നേതാക്കളുടെ ഭാഗമാണ് തരൂരും തിവാരിയും. ഈ സംഘത്തെ പ്രതിനിധീകരിച്ച് തരൂർ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16