Quantcast

വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപണം; ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന് എഐസിസിയുടെ ലീഗൽ നോട്ടീസ്

അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 March 2025 4:15 PM

AICCs legal notice to The New Indian Express
X

ഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും എഐസിസി ലീഗൽ സെല്ലിന്റെ നോട്ടീസിൽ പറയുന്നു.

അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായി .ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും.കോൺഗ്രസ് പാർട്ടിക്കെതിരെ ഇത്തരം കുപ്രചരണങ്ങൾ നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ ഏതെങ്കിലും സർവേ നടത്താൻ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനപ്പൂർവമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നൽകിയത്. വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടിയായി എഐസിസി ലീഗൽ സെൽ കേസ് ഫയൽ ചെയ്യുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.

TAGS :

Next Story