ആരോഗ്യവും ഫിറ്റായിരിക്കണം; ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അസദുദ്ദീൻ ഉവൈസി: വീഡിയോ
ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യുന്ന ഉവൈസിയെയാണ് വീഡിയോയില്‍ കാണുന്നത്
അസസുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: രാഷ്ട്രീയത്തിന്‍റെ തിരക്കിനിടയിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നേതാവാണ് എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി.ഏക സിവില്‍ കോഡിനെതിരായ പ്രചരണത്തിനിടെ മഹാരാഷ്ട്ര ഔറംഗബാദിലെ ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഉവൈസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യുന്ന ഉവൈസിയെയാണ് വീഡിയോയില്‍ കാണുന്നത്. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും തന്‍റെ ഫിറ്റ്നസിന് മുൻഗണന നൽകാനും ജിമ്മിൽ എത്താനും ഉവൈസി സമയം കണ്ടെത്തി.
യുസിസിയുമായി ബന്ധപ്പെട്ട് ഈയിടെ ഉവൈസി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏക സിവിൽകോഡിനെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കുമെന്ന് കെ.സി.ആര്‍ പറഞ്ഞു. ഏക സിവിൽകോഡ് വിഷയത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും സ്വീകരിക്കേണ്ട നിലപാടും നടപടികളും തയാറാക്കാൻ പാർട്ടിയുടെ പാർലമെന്ററി നേതാക്കളെ കെ.സി.ആർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെ. കേശവറാവു, നമ നാഗേശ്വർ റാവു എന്നിവരെയാണ് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഏൽപിച്ചത്. അതേസമയം, ഏക സിവിൽകോഡിനെ എതിർക്കുമെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രിക്ക് എ.ഐ.എം.പി.എൽ.ബി നേതാക്കൾ നന്ദി രേഖപ്പെടുത്തി. ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്‌മാനി, എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി, അക്ബറുദ്ദീൻ ഉവൈസി എം.എൽ.എ, തെലങ്കാന മന്ത്രിമാരായ മഹ്‌മൂദ് അലി, കെ.ടി രാമറാവു, മറ്റ് ബോർഡ് അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
Adjust Story Font
16