Quantcast

'20ലധികം വധഭീഷണി കോളുകള്‍, സിദ്ദു മൂസെവാലയെ വധിച്ചത് താനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു': എ.ഐ.എം.ഐ.എം നേതാവ്

അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    15 Jun 2022 12:09 PM GMT

20ലധികം വധഭീഷണി കോളുകള്‍, സിദ്ദു മൂസെവാലയെ വധിച്ചത് താനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു: എ.ഐ.എം.ഐ.എം നേതാവ്
X

അഹമ്മദാബാദ്: എ.ഐ.എം.ഐ.എം ഗുജറാത്ത് പ്രസിഡന്‍റ് സാബിർ കബ്ലിവാലയ്ക്ക് വധഭീഷണി. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് താനാണെന്ന് വിളിച്ചയാള്‍ പറഞ്ഞെന്ന് സാബിർ കബ്ലിവാല വിശദീകരിച്ചു. സാബിർ കബ്ലിവാലയുടെ പരാതിയില്‍ ഗെയ്‌ക്‌വാദ് ഹവേലി പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി 9:50നും അര്‍ധരാത്രി 12 മണിക്കുമിടയില്‍ തനിക്ക് 20ലധികം വധഭീഷണി കോളുകൾ വന്നതായി കബ്ലിവാല പറയുന്നു. ഇമ്രാൻ എന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 100 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് പൊലീസിനെ വിവരം അറിയിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

"ചൊവ്വാഴ്‌ച രാത്രി 9:50 ഓടെ ഞാൻ അസ്‌തോദിയയിലെ റാണി സിപ്രി മസ്ജിദിന് സമീപം കാറിൽ ഇരിക്കുമ്പോഴാണ് വാട്ട്‌സ്ആപ്പിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നത്. വിളിച്ചയാൾ ഇമ്രാൻ എന്നാണ് പേരു പറഞ്ഞത്. അടുത്തിടെ പഞ്ചാബി ഗായകൻ സിദ്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് അവകാശപ്പെട്ടു. സത്യുഗ് മഹാരാജ് എന്ന വ്യക്തിയാണ് എന്നെ കൊല്ലാൻ കരാർ നൽകിയതെന്ന് വിളിച്ചയാള്‍ പറഞ്ഞു. തുടർന്ന് വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ കട്ട് ചെയ്ത് വീഡിയോ കോൾ ചെയ്തു. അപ്പോള്‍ ഒരു ബാഗ് നിറയെ 2000 രൂപ നോട്ടുകൾ കണ്ടു. ഞാന്‍ പണം നല്‍കണമെന്നും അല്ലാത്തപക്ഷം എന്നെ കൊല്ലുമെന്നും വിളിച്ചയാൾ എന്നോട് പറഞ്ഞു. ഞാൻ എന്റെ കാറിൽ ഇരിക്കുകയാണെന്ന് അറിയാം. നിരീക്ഷണ വലയത്തിലാണ് ഞാനെന്ന് പറഞ്ഞു. പണം നല്‍കാന്‍ എനിക്ക് രണ്ട് മണിക്കൂർ സമയം നല്‍കാം, ഉടൻ തന്നെ ബാങ്ക് വിവരങ്ങൾ അയയ്‌ക്കാമെന്നും പറഞ്ഞു,"- കബ്ലിവാല പൊലീസില്‍ നല്‍കിയ പരാതിയിൽ പറഞ്ഞു.

"രാത്രി 10:43 ഓടെ, ഒരു മിൻഹാജ് ഖാത്തൂണിന്റെ പേരിലുള്ള എസ്ബിഐ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ലഭിച്ചു. രാത്രി 11:30ന് ശേഷം 12 വോയ്‌സ് കോളുകൾ വന്നു. ഞാൻ കോള്‍ എടുത്തില്ല. തുടർന്ന് മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എനിക്ക് അയച്ചുതന്നു. വീണ്ടും അയാള്‍ ലിളിച്ചുകൊണ്ടേയിരുന്നു. ഞാന്‍ കോള്‍ കട്ട് ചെയ്തു. തുടർന്ന് 12 മണിയോടെ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചു. മൂന്നോ നാലോ ദിവസത്തെ സമയം എനിക്ക് നല്‍കുകയാണെന്നാണ് ആ ഓഡിയോ ക്ലിപ്പില്‍ പറഞ്ഞത്. നാളെ രാവിലെ എന്നോട് അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു. അതല്ലെങ്കില്‍ ഈ നാല് ദിവസത്തിനുള്ളിൽ എന്റെ അവസാന ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കാന്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഞാൻ 100 എന്ന നമ്പറിൽ പൊലീസിന്റെ സഹായത്തിനായി വിളിച്ചു"- കബ്ലിവാല വിശദീകരിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി നടത്തി പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതനെതിരെ പൊലീസ് കേസെടുത്തത്.

TAGS :

Next Story