'അവർ വോട്ട് വിഭജിക്കുക മാത്രമാണ് ചെയ്യുന്നത്'; എ.ഐ.എം.ഐ.എമ്മിനെതിരെ അസ്ഹറുദ്ദീൻ
'തെലങ്കാനയിൽ ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തും. ബി.ആർ.എസ് ചിത്രത്തിലേ ഇല്ല'
ഹൈദരാബാദ്: അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. മജ്‌ലിസ് വോട്ട് വിഭജിക്കുക മാത്രമാണു ചെയ്യുന്നതെന്ന് അസ്ഹർ 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും സംസ്ഥാനത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും. പ്രചാരണരംഗത്തെവിടെയും ബി.ആര്‍.എസ് ചിത്രത്തിലേയില്ല. മജ്‌ലിസ് പാർട്ടിയെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ല. അവർ വോട്ട് വിഭജിക്കുക മാത്രമാണു ചെയ്യുന്നത്-അസ്‍ഹര്‍ പറഞ്ഞു.
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസ്ഹർ 'മീഡിയവണി'നോട് പ്രതികരിച്ചത്. ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ കുറിച്ചും അഹ്‌സർ മനസ്സുതുറന്നു. ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നന്നായി കളിച്ചു. എന്നാൽ, ഫൈനലിൽ ഒന്നും നമുക്ക് അനുകൂലമായില്ലെന്നും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു.
അതിനിടെ, തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗം സജീവമാകുകയാണ്. ഭരണം നിലനിർത്താൻ എല്ലാ ശ്രമവും നടത്തുന്ന ഭാരത് രാഷ്ട്രസമിതിക്കു വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. ടി.ആർ.എസ് ഭരണത്തിലെ കുടുംബവാഴ്ച, അഴിമതി എന്നിവയാണ് കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. തെലങ്കാന രൂപീകരണം വൈകിപ്പിച്ചവരാണ് കോൺഗ്രസ് എന്ന പ്രചാരണത്തിലൂടെയാണ് ടി.ആർ.എസ് ഇതിനെ തിരിച്ചുനേരിടുന്നത്.
സംസ്ഥാനത്ത് കോൺഗ്രസിനും ബി.ആർ.എസിനും വെല്ലുവിളിയായി ചെറുപാർട്ടികളും രംഗത്തുണ്ട്. 50 സീറ്റുകളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് ചെറുകക്ഷികളാകും. മായാവതിയുടെ ബി.എസ്.പി 111 സീറ്റിലും സി.പി.എം 19 ഇടത്തും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഒൻപതിടത്തും മത്സരിക്കുന്നുണ്ട്. ഇത് 2018ലെ വോട്ടുവിഹിതത്തിൽ ഇടിവുണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണു മുന്നണികൾ.
Summary: ''Asaduddin Owaisi's AIMIM is only splitting the votes'': Says former Indian cricket team captain and Congress leader Mohammad Azharuddin to 'MediaOne'
Adjust Story Font
16