യു.പിയില്‍ എം.ഐ.എം 100 സീറ്റില്‍ മത്സരിക്കും; കൈകോര്‍ക്കുന്നത് മുൻ ബി.ജെ.പി സഖ്യകക്ഷിയുമായി
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായി പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീൻ ഉവൈസി പറഞ്ഞു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി 100 സീറ്റില്‍ മത്സരിക്കും. ഓം പ്രകാശ് രാജ്ഭറിന്റെ ഭാഗിദാരി സങ്കൽപ് മോർച്ച (ബി.എസ്.എം) ഒഴികെ മറ്റൊരു പാർട്ടിയുമായും സഖ്യമില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷനായ ഉവൈസി വ്യക്തമാക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചയാളാണ് ഒ.പി.രാജ്ഭർ. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി എ.ഐ.എം.ഐ.എമ്മുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായും ഉവൈസി പറഞ്ഞു. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെല്ലാം സ്ഥാനാർഥികളെ നിർത്തുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എ.ഐ.എം.ഐ.എം ആദ്യമായാണ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനുമിടയിലാകും യു.പിയിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2022 മാർച്ച 14 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.
Adjust Story Font
16