Quantcast

'ഏകീകൃത സിവിൽകോഡ് സ്വീകരിക്കാനാകില്ല'; നിയമ കമ്മീഷനോട് അഖിലേന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോബോർഡ്

ഗോത്രവിഭാഗങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരെ നിയമത്തിൽനിന്ന് ഒഴിവാക്കാൻ സർക്കാർ തയാറാണെന്നിരിക്കെ എന്തുകൊണ്ട് മുസ്‌ലിംകളെ ഒഴിവാക്കുന്നില്ലെന്നു മുസ്‌ലിം പേഴ്‌സണൽ ലോബോർഡ്

MediaOne Logo

Web Desk

  • Published:

    24 Aug 2023 3:33 PM GMT

All India Muslim Personal Law Board (AIMPLB) submitted its opinion on the Uniform Civil Code to the Law Commission.
X

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനെ കുറിച്ച് നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് (എഐഎംപിഎൽബി). ഏകീകൃത സിവിൽകോഡ് സ്വീകരിക്കാനാകില്ലെന്നും ശരീഅത്തിന്റെ (ഇസ്‌ലാമിക ജീവിതരീതി) അടിസ്ഥാന രൂപത്തിൽ ചെറിയ മാറ്റം പോലും അംഗീകരിക്കാനാകില്ലെന്നും മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം മൗലികാവകാശമായാണ് കണക്കാക്കുന്നതെന്നും സംഘം ഓർമിപ്പിച്ചു. പ്രസിഡൻറ് ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് സംഘം നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് റിതുരാജ് അവാസ്ഥിയെ സന്ദർശിച്ചാണ് നിലപാട് അറിയിച്ചത്. ബുധനാഴ്ചയാണ് സംഘം സന്ദർശനം നടത്തിയത്.

മുസ്‌ലിം വ്യക്തി നിയമം ഖുർആനും സുന്നത്തും (പ്രവാചകന്റെ വാക്കുകളും പ്രവൃത്തിയും) അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് മാറ്റിമറിക്കാനാകില്ലെന്നും പേഴ്‌സണൽ ലോബോർഡ് സംഘം വ്യക്തമാക്കി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരെ ഏകീകൃത നിയമത്തിൽനിന്ന് ഒഴിവാക്കാൻ സർക്കാർ തയാറാണെന്നിരിക്കെ എന്തുകൊണ്ട് മുസ്‌ലിംകളെ ഒഴിവാക്കുന്നില്ലെന്നും മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് ചോദിച്ചു. ആർക്കെങ്കിലും മതപരമായ വ്യക്തിനിയമത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർക്ക് സ്‌പെഷ്യൽ മാരേജ് രജിസ്‌ട്രേഷൻ പ്രകാരം വിവാഹം ചെയ്യാമെന്നും അത് മതേതര നിയമമാണെന്നും ബോർഡ് ഓർമിപ്പിച്ചു.

നിയമ കമ്മീഷൻ ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ മാറ്റം നിർദേശിക്കുന്നില്ലെന്നും ചില നിർദേശങ്ങൾ സർക്കാറിന് മുമ്പിൽ വെക്കുകയാണ് ചെയ്യുകയെന്നും ചെയർമാൻ പറഞ്ഞതായി മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു. സർക്കാറാണ് അന്തിമ തീരുമാനമെടുക്കുകയെന്നും പറഞ്ഞു.

22ാമത് നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ജൂൺ 14ന് പൊതുജനങ്ങളിൽനിന്നും മത സംഘടനകളിൽനിന്നും അഭിപ്രായം തേടിയിരുന്നു. ഈയിടെ ഭോപ്പാലിൽ നടന്ന ബിജെപി പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽകോഡിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

All India Muslim Personal Law Board (AIMPLB) submitted its opinion on the Uniform Civil Code to the Law Commission.

TAGS :

Next Story