Quantcast

വഖഫ് ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്; സുപ്രിംകോടതിയെയും സമീപിക്കും

പാർലമെന്റിൽ വഖഫ് ഭേദ​ഗതി ബില്ലിനെ പിന്തുണച്ച എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി (രാംവിലാസ്) തുടങ്ങിയ പാർട്ടികളെ ബോർഡ് വിമർശിച്ചു.

MediaOne Logo

Web Desk

  • Published:

    6 April 2025 10:52 AM

AIMPLB To Lead Nationwide Protest Against Waqf Act Until Law Repealed
X

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ എല്ലാ മത, സമുദായ, സാമൂഹിക സംഘടനകളെയും ഏകോപിപ്പിച്ച് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്. നിയമനിർമാണം പൂർണമായും പിൻവലിക്കുംവരെ അതിനെതിരെ പ്രചാരണം തുടരുമെന്നും ബോർഡ് അറിയിച്ചു. നിയമത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കാനും ബോർഡ് തീരുമാനിച്ചു.

പാർലമെന്റിൽ വഖഫ് ഭേദ​ഗതി ബില്ലിനെ പിന്തുണച്ച എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി (രാംവിലാസ്) തുടങ്ങിയ പാർട്ടികളെ ബോർഡ് വിമർശിച്ചു. ബിജെപിയുടെ വർഗീയ അജണ്ടയ്ക്ക് ഈ പാർട്ടികൾ നൽകിയ പിന്തുണയിലൂടെ അവരുടെ കപട മതേതര മുഖംമൂടി അഴിഞ്ഞുവീണതായും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് കുറ്റപ്പെടുത്തി.

പുതിയ നിയമത്തെയോർത്ത് ഇന്ത്യയിലെ മുസ്‌ലിം സമൂഹം നിരാശപ്പെടേണ്ടതില്ലെന്ന് ബോർഡ് പറഞ്ഞു. ഈ ലക്ഷ്യത്തിൽ ഒരു ത്യാഗത്തിനും നേതൃത്വം മടിക്കില്ല. കൂടാതെ രാജ്യത്ത് നീതി തേടുന്ന ശക്തികളോടൊപ്പം ഈ അടിച്ചമർത്തൽ ഭേദഗതികൾക്കെതിരെ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽനിന്ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബോർഡ് അറിയിച്ചു.

നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുക മാത്രമല്ല, പ്രതിഷേധ പ്രകടനങ്ങൾ, കറുത്ത ബാഡ്ജും ബാൻഡും ധരിക്കൽ, പ്രതിഷേധ യോ​ഗങ്ങൾ, വാർത്താസമ്മേളനങ്ങൾ തുടങ്ങിയ എല്ലാവിധ ജനാധിപത്യ- സമാധാന മാർ​ഗങ്ങളിലൂടെ പ്രതിഷേധിക്കുമെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദി അറിയിച്ചു.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ തലങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഈ പ്രതിഷേധങ്ങളുടെ സമാപനത്തിൽ അതത് ജില്ലാ മജിസ്‌ട്രേറ്റുമാർ, കലക്ടർമാർ വഴി രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കും. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമായി, ഒരു വെള്ളിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ 'വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ ക്യാമ്പയിൻ നടത്തും. ഈ കാലയളവിൽ യോ​ഗങ്ങളടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കും.

സർക്കാരും വിഭാ​ഗീയ ഘടകങ്ങളും പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെയും തെറ്റായ വിവരണങ്ങളെയും വസ്തുതകളുടെയും യുക്തിസഹമായ വാദങ്ങളുടെയും അടിസ്ഥാനത്തിൽ ചെറുക്കുക എന്നതാണ് ഈ യോഗങ്ങളുടെ ലക്ഷ്യം. അതുപോലെ, മറ്റ് മതങ്ങളുടെ നേതാക്കളുമായും വഖഫ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ഡൽഹിയിൽ യോഗം ചേരുമെന്നും ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

ഡൽഹി, മുംബൈ, കൊൽക്കത്ത, ബെം​ഗളൂരു, ചെന്നൈ, വിജയവാഡ, മലപ്പുറം, പട്ന, റാഞ്ചി, മലേകോട്ല, ലഖ്നൗ എന്നിവിടങ്ങളിൽ പ്രതിഷേധ മഹാ സമ്മേളനങ്ങൾ നടത്തുമെന്നും ഡൽഹിയിലെ താൽകട്ടോറ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിലൂടെ പ്രതിഷേധത്തിന് തുടക്കം കുറിക്കുമെന്നും ബോർഡ് അറിയിച്ചു. ജൂണിൽ ഈദുൽ അദ്ഹ വരെയാണ് പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്നും ബോർഡ് വ്യക്തമാക്കി.

"അടുത്ത ഘട്ടം പിന്നീട് തീരുമാനിക്കും. എല്ലാ മുസ്‌ലിംകളും പ്രത്യേകിച്ച് യുവാക്കൾ, ക്ഷമയോടെയും സംയമനത്തോടെയും നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് ബോർഡ് ജനറൽ സെക്രട്ടറി അഭ്യർഥിച്ചു.

വിഭാ​ഗീയ ശക്തികൾക്ക് വിദ്വേഷ പ്രചാരണത്തിനും ആക്രമണത്തിനും അവസരമുണ്ടാക്കുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും വൈകാരിക പ്രകടനവും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എതിർപ്പ് അവ​ഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദ​ഗതി ബിൽ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

TAGS :

Next Story