Quantcast

പിറന്ന കൈയിലേക്ക് വീണ്ടും; എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം

വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി

MediaOne Logo

Web Desk

  • Updated:

    2022-01-27 12:34:46.0

Published:

27 Jan 2022 10:20 AM GMT

പിറന്ന കൈയിലേക്ക് വീണ്ടും; എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം
X

ന്യൂഡല്‍ഹി: 68 വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈകളിൽ. 18000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ് മന്ത്രാലയം അറിയിച്ചു.എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ മുഴുവൻ ഓഹരിയും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്ക്ക് കൈമാറിയത്.

കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് പണമായി കൈമാറും. സ്‌പൈസ് ജെറ്റും എയർ ഇന്ത്യയെ വാങ്ങാനായി ലേലത്തിനുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായ ഇന്റർ അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും ഇടയ്ക്കു വച്ച് പിന്മാറി.

ആറരപ്പതിറ്റാണ്ടിന് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ നിയന്ത്രണത്തിലേക്ക് വരുന്നത്. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് (ആദ്യം ടാറ്റ എയർ സർവീസ്) ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ദേശസാത്കരണത്തിന്റെ ഭാഗമായി ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 2.8 കോടി രൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരിയും അന്ന് സർക്കാർ വാങ്ങിയത്.

1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിച്ചു. 2013ൽ ടാറ്റ 2 വിമാന കമ്പനികൾ ആരംഭിച്ചു - എയർ ഏഷ്യ ഇന്ത്യയും (സഹപങ്കാളി - മലേഷ്യയിലെ എയർ ഏഷ്യ), വിസ്താരയും (സഹപങ്കാളി - സിംഗപ്പുർ എയർലൈൻസ്).

TAGS :

Next Story