മദ്യം, തലയണ, മുന്തിയ ഭക്ഷണം, ദുബായ്-ഡൽഹി വിമാനത്തിൽ പെൺസുഹൃത്തിന് കോക്പിറ്റിൽ സുഖയാത്ര; പൈലറ്റിനെതിരെ അന്വേഷണം
പെൺസുഹൃത്തിനു വേണ്ടി കോക്പിറ്റിനുള്ളിൽ ലിവിങ് റൂം അനുഭവം ഒരുക്കണമെന്നാണ് പൈലറ്റ് കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: പെൺസുഹൃത്തിന് വിമാനത്തിന്റെ കോക്പിറ്റിൽ യാത്രാ സൗകര്യം ഏർപ്പെടുത്തിയെന്ന പരാതിയില്‍ എയർ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം. കാബിൻ ക്രൂവിന്റെ പരാതിയിലാണ് ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യും എയര്‍ ഇന്ത്യയും വെവ്വേറെ അന്വേഷണം പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമെന്ന് കാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചു.
പെൺസുഹൃത്തിനു വേണ്ടി കോക്പിറ്റിനുള്ളിൽ ലിവിങ് റൂം അനുഭവം ഒരുക്കണമെന്നാണ് പൈലറ്റ് കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടത്. തലയണ, ബിസിനസ് ക്ലാസ് ഭക്ഷണം, മദ്യം എന്നിവയും ഒരുക്കണമെന്ന് നിർദേശിച്ചു. കോക്പിറ്റിലെ ഒബ്‌സർവർ സീറ്റിലാണ് ഇവർ ഇരുന്നത്. ഒരു മണിക്കൂറിലേറെ നേരം സീറ്റിൽ ചെലവഴിച്ചു. ക്രൂ അംഗങ്ങൾക്ക് മാത്രം പ്രവേശനമുള്ള ഇവിടേക്ക് ഇവർ പോകുന്നത് ചില യാത്രക്കാർ എതിർത്തിരുന്നു- പരാതിയിൽ പറയുന്നു.
എ1 915 വിമാനത്തിലെ പൈലറ്റുമാർ വൈകിയാണ് എത്തിയതെന്നും പരാതിയിൽ ആരോപിച്ചു. വിമാനത്തിൽ എത്തിയ ഉടൻ പൈലറ്റ് ബിസിനസ് ക്ലാസിൽ ഒഴിവുണ്ടോ, ഒരു സുഹൃത്തിന് വേണ്ടിയാണ് എന്നന്വേഷിച്ചു. ബിസിനസ് ക്ലാസ് ഫുൾ ആണ് എന്നറിയിച്ചതോടെ പൈലറ്റ് സുഹൃത്തിനെ കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. മദ്യം ആവശ്യപ്പെട്ടപ്പോൾ കോക്പിറ്റിലേക്ക് മദ്യം നൽകില്ല എന്ന് പറഞ്ഞു. അത് പൈലറ്റിനെ ദേഷ്യം പിടിപ്പിച്ചു. തന്നോട് വേലക്കാരിയോടെന്ന പോലെയാണ് പിന്നീട് പെരുമാറിയത്. തനിക്കെതിരെ ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്തു- പരാതിയിൽ ആരോപിച്ചു.
സുഹൃത്ത് കോക്പിറ്റിൽ ഉണ്ടായിരുന്ന വേളയിൽ പൈലറ്റുമാർ ശരിക്കുള്ള സീറ്റുകളിൽ ആയിരുന്നില്ലെന്നും പരാതിയിലുണ്ട്. ഇമ്മിഗ്രേഷൻ ഏരിയ വരെ സുഹൃത്തിനെ പൈലറ്റുമാർ അനുഗമിച്ചെന്നും കാബിൻ ക്രൂ ആരോപിക്കുന്നു.
Adjust Story Font
16