എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം : മടങ്ങിവരവിനെ കുറിച്ച് നിങ്ങളറിയേണ്ട 10 കാര്യങ്ങൾ
1932 ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ജഹാൻഗീർ രത്തൻജി ദാദാഭായ് ടാറ്റ തുടങ്ങിയ എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുകയാണ്.
ദേശസാത്‌ക്കരണത്തിന് 68 വർഷങ്ങൾ ശേഷം എയർ ഇന്ത്യ വീണ്ടും സ്വന്തമാക്കി ടാറ്റ. കടത്തിൽ മുങ്ങിയതിനെ തുടർന്ന് പൊതു മേഖലയിലെ ഏക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
എയർ ഇന്ത്യയുടെ മടങ്ങിവരവിനെ കുറിച്ച് നിങ്ങളറിയേണ്ട പത്ത് കാര്യങ്ങൾ
1. എയർ ഇന്ത്യയും എയർ ഇന്ത്യ സാറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയുടെ 50 ശതമാനം ഓഹരികളുമാണ് ടാറ്റ സൺസ് ഗ്രൂപ്പിന് ലഭിക്കുക. എയർ ഇന്ത്യ വില്പന വഴി 2700 കോടി രൂപ തുകയായി കേന്ദ്ര സർക്കാരിന് ലഭിക്കും. ബാക്കിയുള്ളത് എയർ ഇന്ത്യയുടെ കടമാണ്.
2 . കെട്ടിടങ്ങളും ഭൂമിയും ഉൾപ്പെടെയുള്ള ആസ്തികൾ ടാറ്റക്ക് ലഭിക്കില്ല. 14,718 കോടി രൂപ വിലവരുന്ന ഈ സ്വത്തുക്കൾ AIAHL എന്ന സർക്കാർ കമ്പനിക്ക് കൈമാറും.
3 . 60,000 കോടിയിലധികം രൂപയാണ് എയർ ഇന്ത്യയുടെ മൊത്തം കടം. കേന്ദ്രത്തിന്റെ പ്രതിദിന നഷ്ടം 20 കോടിയോളം രൂപയാണ്.
4 . എയർ ഇന്ത്യയിലെ നിലവിലെ തൊഴിലാളികൾക്ക് രണ്ടാം വർഷം സ്വമേധയാലുള്ള വിരമിക്കൽ (VRS ) അനുവദിക്കും. ആദ്യ വർഷം ആരെയും പിരിച്ചു വിടില്ല.
5 . എല്ലാ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കും.
6 .അഞ്ച് വർഷത്തിന് ശേഷം ടാറ്റയ്ക്ക് എയർ ഇന്ത്യ ബ്രാൻഡ് കൈമാറാൻ കഴിയും. എന്നാൽ ഇന്ത്യൻ പൗരത്വമുള്ളയാൾക്ക് മാത്രമേ വിൽക്കാവൂ എന്നാണ് വ്യവസ്ഥ.
7 .നാല് കമ്പനികളാണ് എയർ ഇന്ത്യ ഏറ്റെടുക്കാൻ മുന്നോട്ട് വന്നതെങ്കിലും അന്തിമ യോഗ്യത നേടിയത് ടാറ്റയും സ്‌പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായിരുന്നു.
8 .എയർ ഇന്ത്യ വിൽക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ശ്രമമാണ് ഇത്. 2018 ൽ കമ്പനിയുടെ 76 ശതമാനം ഓഹരി വിൽക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഭീമമായ കടം കാരണം ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല.
9 .സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് വിസ്താര, മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യയുമായി ചേർന്ന് എയർ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ടാറ്റ നടത്തുന്നത്.
10 .1932 ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ജഹാൻഗീർ രത്തൻജി ദാദാഭായ് ടാറ്റ തുടങ്ങിയ എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുകയാണ്.
Adjust Story Font
16