മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ
പൈലറ്റിനെതിരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഫുക്കറ്റ്-ഡൽഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയർലൈൻ കമ്പനി പിരിച്ചുവിട്ടത്. ഇത്തരം കാര്യങ്ങള്‍ ഞങ്ങൾക്ക് പൊറുക്കാനാവില്ലെന്നും, പൈലറ്റിന്‍റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ ( ഡിജിസിഎ) യെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കൽ നടത്തുകയായിരുന്നു പൈലറ്റ്. ബ്രീത്ത് അനലൈസർ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.
2023-ൽ ആദ്യത്തെ ആറ് മാസങ്ങളിൽ 33 പൈലറ്റുമാരും 97 ക്യാബിൻ ക്രൂ അംഗങ്ങളും ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യത്തെ ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ചെയ്യും. രണ്ടാമത്തെ തവണയും പരാജയപ്പെട്ടാൽ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെടും. മൂന്നാം തവണയും പരാജയപ്പെട്ടാൽ ലൈസൻസ് റദ്ദാക്കപ്പെടും.
Adjust Story Font
16