ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം; തെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
നിരവധി പാശ്ചാത്യ വിമാനങ്ങളും സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചു
ഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ. ഡല്‍ഹി- തെല്‍ അവീവ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തെല്‍ അവീവിലേക്ക് ഉള്ളത്. എയര്‍ ഇന്ത്യക്കൊപ്പം നിരവധി പാശ്ചാത്യ വിമാനങ്ങളും സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 161, ഇറാനിലൂടെ കടന്നു പോകാതെ ലണ്ടനിലേക്ക് ബദല്‍ റൂട്ട് സ്വീകരിക്കുകയായിരുന്നു. യൂറോപ്പിലേക്കുള്ള സാധാരണ ഇന്ത്യ-പാകിസ്ഥാന്‍-ഇറാന്‍-തുര്‍ക്കി-കരിങ്കടല്‍ റൂട്ടിനുപകരം, ബോയിംഗ് 787 ഡ്രീംലൈനര്‍ വടക്കന്‍ വഴിയാണ് സ്വീകരിച്ചത്.
വെള്ളിയാഴ്ച മുംബൈയിലേക്കുള്ള ലുഫ്താന്‍സയുടെ വിമാനം ഗ്രീസ്-മെഡിറ്ററേനിയന്‍ കടല്‍-സൗദി അറേബ്യ-പേര്‍ഷ്യന്‍ ഗള്‍ഫ്-അറേബ്യന്‍ കടല്‍ വഴി മുംബൈയിലെത്തി. നേരത്തെ കരിങ്കടല്‍-ഇറാന്‍-പാകിസ്ഥാന്‍ വഴിയായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 3 നാണ് തെല്‍ അവീവിലേക്ക് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 7 മുതല്‍ തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ എയര്‍ലൈന്‍ നിര്‍ത്തിവെച്ചിരുന്നു.
Adjust Story Font
16