Quantcast

ഡൽഹിയിലെ വായു മലിനീകരണം; നിലവിലെ നിയന്ത്രണങ്ങൾ തുടരും

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവ് ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-07 01:52:44.0

Published:

7 Nov 2022 1:47 AM GMT

ഡൽഹിയിലെ വായു മലിനീകരണം; നിലവിലെ നിയന്ത്രണങ്ങൾ തുടരും
X

ഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് ഇതെന്നാണ് വിദഗ്‍ധ സംഘത്തിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ ഉടൻ നിയന്ത്രണങ്ങൾ നീക്കിയാൽ വീണ്ടും സ്ഥിതി വഷളാക്കുമെന്നും സർക്കാർ കരുതുന്നു. അന്തരീക്ഷ വായു ഗുണനിലവാരം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെച്ചപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങൾ സ്റ്റേജ് ത്രീയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലേക്ക് ഒരു വിഭാഗം വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി അറിയിച്ച് പൊലീസ് ഉത്തരവിറക്കി. മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ യമുന എക്‌സ്പ്രസ് ഹൈവേ വഴി അയക്കണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

ചില്ല, കാളിന്ദികുഞ്ച് അതിർത്തികൾ വഴിയാണ് നോയിഡയിൽ നിന്നുള്ള വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത്. ഡൽഹിയിലും മറ്റു പല ഭാഗങ്ങളിലും അന്തരീക്ഷവായു ഗുണനിലവാരം 500 ന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ ആണ് ഒരു വിഭാഗം വാഹനങ്ങൾക്ക് ഇത് വഴിയുള്ള പ്രവേശനം പൊലീസ് വിലക്കിയത്. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും ഇതിൽ പെടും.

ബിഎസ് ത്രീ വിഭാഗത്തിൽ പെട്ട പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും, ബിഎസ് ഫോർ വിഭാഗത്തിൽപ്പെട്ട ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുമാണ് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചത്. ആവശ്യ സർവീസുകൾ, ഇലക്ട്രിക് സിഎൻജി ട്രക്കുകൾ എന്നിവ ഒഴികെയുള്ള മറ്റു ട്രക്കുകൾക്കും ഡൽഹി നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ യമുന എക്‌സ്പ്രസ് ഹൈവേ വഴി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരണമെന്നാണ് പൊലീസ് അഭ്യർത്ഥിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കും നിയന്ത്രണം ബാധകമാണ്. ഡൽഹിയിലേക്കോ ഡൽഹി വഴി മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകുന്ന ട്രക്കുകളോട്, നഗരത്തിൽ പ്രവേശിക്കാതെ എക്‌സ്പ്രസ് ഹൈവേ വഴി ഗതാഗതം നടത്താൻ നിർദ്ദേശം നൽകണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. അന്തരീക്ഷ മലിനീകരണത്തോട് 500 മുകളിൽ തുടരുന്നത് നിരവധി ആളുകൾക്ക് ആണ് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പ്രതിദിനം ഇരുപതോളം പേർ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എയിംസ്, എൽഎൻജെപി ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story