ഗവർണറെ കയറ്റാതെ വിമാനം പറന്നു; എയർ ഏഷ്യക്കെതിരെ കേസ് കൊടുത്ത് കർണാടക രാജ്ഭവൻ
അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിമാനക്കമ്പനി
ബംഗളൂരു: കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ വിമാനകമ്പനിയായ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു. ബെംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എയർ ഏഷ്യ അന്വേഷണം ആരംഭിച്ചത്. വിമാനം പറന്നുയുരന്നതിന് 15 മുമ്പ് എത്തിയിട്ടും ഗവർണറെ കയറ്റിയില്ലെന്നാണ് പരാതി.
ഉച്ചയ്ക്ക് 1.10ന് രാജ്ഭവനിൽ നിന്ന് പുറപ്പെട്ട ഗവർണർ 1.35ഓടെ ടെർമിനൽ-1ലെ വിഐപി ലോഞ്ചിലെത്തി. ഗവർണറുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.06ന് ഗവർണർ വിമാനത്തിന്റെ ഗോവണിയിലെത്തി. എന്നാൽ വിമാനത്തിൽ കയറാൻ എയർ ഏഷ്യ ജീവനക്കാർ അനുവദിച്ചില്ല. വിമാനത്തിന്റെവാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവർണറുടെ പ്രോട്ടോക്കോൾ ഓഫീസർ എം വേണുഗോപാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയന്നു.
ഗവർണറുടെ ലഗേജുകൾ ഇറക്കാൻ 10 മിനിറ്റ് നഷ്ടപ്പെട്ടു. ഗവർണർ അപ്പോഴും ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു, വിമാനത്തിന്റെ വാതിൽ അപ്പോഴും തുറന്നിരുന്നു. എന്നിട്ടും ഗവർണറെ വിമാനത്തിനുള്ളിൽ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഗവർണർ വിഐപി ലോഞ്ചിലേക്ക് മടങ്ങുകയായിരുന്നു.
റായ്ച്ചൂറിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഗവർണർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് മറ്റൊരു വിമാനത്തിൽ അദ്ദേഹം ഹൈദരാബാദിലെത്തുകയായിരുന്നു.
സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയർ ഏഷ്യ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കും. ആശങ്കകൾ പരിഹരിക്കാൻ എയർലൈനിന്റെ മുതിർന്ന നേതൃത്വ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ ഏഷ്യ അറിയിച്ചു.
Adjust Story Font
16