രാജസ്ഥാനിലെ അജ്മീറിലുള്ള 'ഹോട്ടൽ ഖാദിം' ഇനി 'അജയ്‌മേരു'; പേര് മാറ്റി ബിജെപി സർക്കാർ
ഹോട്ടലിന്റെ പേര് മാറ്റാൻ അജ്മീറിൽ നിന്നുള്ള എംഎൽഎയും നിയമസഭാ സ്പീക്കറുമായ വാസുദേവ് ദേവ്നാനി നേരത്തെ നിർദേശം നൽകിയിരുന്നു
ജയ്‌പൂര്‍: രാജസ്ഥാനിലെ അജ്‌മീറിലെ പ്രശസ്‌തമായ ഹോട്ടൽ ഖാദിമിന്‍റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോർപ്പറേഷന് കീഴിലുള്ള( ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് 'അജയ്മേരു' എന്നാണ്.
ആർടിഡിസി മാനേജിങ് ഡയറക്ടർ സുഷമ അറോറയാണ് കഴിഞ്ഞ തിങ്കാളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് പേരുമാറ്റം എന്നാണ് അദ്ദേഹം പറയുന്നത്.
ജില്ലാ കളക്ടറേറ്റിന് എതിർവശത്തുള്ള ഹോട്ടലിൻ്റെ പേര് മാറ്റാൻ അജ്മീറിൽ നിന്നുള്ള എംഎൽഎയും നിയമസഭാ സ്പീക്കറുമായ വാസുദേവ് ദേവ്നാനി നേരത്തെ ആർടിഡിസിക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം തീരുമാനത്തിനെതിരെ അജ്മീർ ദർഗ ഷരീഫ് ഖാദിം(സംരക്ഷൻ) രംഗത്ത് എത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അജ്മീര്‍ ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.
പ്രമുഖ സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രസിദ്ധമാണ്. ഖാദിം എന്ന പേര് ഇതിനോട് ബന്ധപ്പെട്ടാണ് ഉണ്ടായത്.
അതേസമയം ചരിത്രപരമായി തന്നെ ‘അജയ്‌മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നത് എന്നാണ് സ്പീക്കര്‍ ദേവ്‌നാനി പറയുന്നത്. വിനോദ സഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ പ്രശസ്തമായ ഹോട്ടലിന്റെ പേര് അജ്മീറിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും സ്പീക്കര്‍ പറയുന്നു.
'പൃഥ്വിരാജ് ചൗഹാൻ്റെ ഭരണകാലത്ത് അജയ്മേരു എന്ന പേരിൽ അജ്മീർ പ്രശസ്തമായിരുന്നു. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര പുസ്തകങ്ങളിലും അജ്മീറിനെ അജയ്മേരു എന്ന് വിളിച്ചിരുന്നതെന്നും'- ദേവ്‌നാനി പ്രസ്താവനയിലൂടെ പറയുന്നു. ഇതോടൊപ്പം അജ്മീറിലെ കിംഗ് എഡ്വേർഡ് മെമ്മോറിയലിൻ്റെ പേര് ഹിന്ദു തത്ത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിൽ പുനർനാമകരണം ചെയ്യാനും ദേവനാനി നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന വാദവുമായി നേരത്തെ തന്നെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ട്. രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാറാണ പ്രതാപ് സേനയാണ് പുതിയ വാദവുമായി രംഗത്തെത്തിയിരുന്നത്. ദർഗയുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാറാണ പ്രതാപ് സേനാ പ്രസിഡന്റ് രാജ് വർധൻ സിങ് പാർമർ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് പരാതി നൽകിയിരുന്നു.
Adjust Story Font
16