Quantcast

16 വര്‍ഷത്തെ സേവനത്തിനു ശേഷം രാജ്യസഭയില്‍ നിന്നും പടിയിറക്കം; എ.കെ ആന്‍റണി നാളെ വിരമിക്കുന്നു

ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ രാജ്യസഭയിൽ നിന്നും ആന്‍റണി വിടവാങ്ങി

MediaOne Logo

Web Desk

  • Updated:

    2022-04-01 06:11:21.0

Published:

1 April 2022 1:14 AM GMT

16 വര്‍ഷത്തെ സേവനത്തിനു ശേഷം രാജ്യസഭയില്‍ നിന്നും പടിയിറക്കം; എ.കെ ആന്‍റണി നാളെ വിരമിക്കുന്നു
X
Listen to this Article

ഡല്‍ഹി: എ.കെ ആന്‍റണി രാജ്യസഭയിൽ നാളെ കാലാവധി പൂർത്തിയാക്കുന്നു. തുടർച്ചയായ 16 വർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ഒരു മാസത്തിനുള്ളിൽ താമസം കേരളത്തിലേക്ക് മാറും.

ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ രാജ്യസഭയിൽ നിന്നും ആന്‍റണി വിടവാങ്ങി. കോവിഡ് നെഗറ്റീവ് ആയി രണ്ട് ദിവസം കഴിഞ്ഞയുടൻ നടന്ന സമ്മേളനത്തിൽ അധിക നേരം ഇരിക്കാനോ മറുപടി പ്രസംഗം നടത്താനോ ആന്‍റണി ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ അത്താഴ വിരുന്നിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ വ്യക്തി ഈ മുൻ പ്രതിരോധ മന്ത്രിയാണ്. കെ .ആർ നാരായണനടക്കം നിരവധി പേർക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നൽകി അയച്ചിട്ടുണ്ടെങ്കിലും എ.കെ ആന്‍റണി ഒരിക്കൽ പോലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. രാജ്യസഭയുമായിട്ടായിരുന്നു ആത്മബന്ധം ഏറെയും.

കോൺഗ്രസ് ലയനത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ആന്‍റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം വട്ടവും തെരഞ്ഞെടുത്ത് കാലാവധി പൂർത്തിയാകുന്നതിനു മുൻപേ ഒഴിഞ്ഞത്, കെ. കരുണാകരൻ രാജിവച്ചപ്പോൾ മുഖ്യമന്ത്രിയാകാൻ വേണ്ടിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പദവി ഇടയ്ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയിൽ. 2005 ഇൽ ഉപരിസഭയിൽ എത്തിയ ആന്‍റണി രണ്ട് വട്ടം കൂടി തുടർന്നു. പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതും രാജ്യത്തിന്‍റെ ഭരണ ചക്രം തിരിക്കുന്നതിൽ പ്രധാനിയാകുന്നതും ഇക്കാലത്താണ്.

ആന്‍റണിക്ക് വേണ്ടി നിയമസഭ സീറ്റ് ഒഴിഞ്ഞു കൊടുത്ത തലേക്കുന്നിൽ ബഷീറിന് പിന്നീട് നൽകിയത് രാജ്യസഭാ സീറ്റ്. ആന്‍റണിയുടെ നിർദേശ പ്രകാരം ആര്യാടൻ മുഹമ്മദിന് വേണ്ടി സീറ്റ് ഒഴിഞ്ഞ സി ഹരിദാസിനെയും രാജ്യസഭയിലെത്തിച്ചു . ഇനി രാജ്യസഭയിലേക്കില്ലെന്നു ഉറപ്പിച്ചു കേരളത്തിലേക്ക് മടങ്ങുകയാണ്. എം.പി പദവി അവസാനിച്ചു ഒരു മാസം കൂടി ഔദ്യോഗിക വസതിയിൽ താമസിക്കാം. ആ കാലാവധിക്ക് മുന്നേ മടങ്ങാനാണ് തയ്യാറെടുക്കുന്നത്. അടുത്ത പ്രവർത്തക സമിതി കൂടി കഴിഞ്ഞാൽ ആന്‍റണി ഡൽഹിയോട് വിടപറയും. എ.കെ എന്ന രണ്ടക്ഷരത്തിലെ കോൺഗ്രസിന്‍റെ ധാർമിക ശക്തിയെ കൂടിയാണ് നാട്ടിലേക്കു പറിച്ചു നടുന്നത്.

TAGS :

Next Story