'സിഖുകാരുടെ വികാരം കണക്കിലെടുത്ത്'... രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് അകാലിദള്‍ എം.എല്‍.എ
താൻ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്നും ദ്രൗപതി മുർമുവിനോ യശ്വന്ത് സിൻഹയ്‌ക്കോ വോട്ട് ചെയ്തില്ലെന്നും മൻപ്രീത് സിങ്
ചണ്ഡിഗഢ്: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് അകാലിദള്‍ എം.എല്‍.എ മന്‍പ്രീത് സിങ് അയാലി. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുർമുവിനെയാണ് അകാലിദള്‍ പിന്തുണച്ചത്. താൻ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്നും സ്ഥാനാർഥികളായ ദ്രൗപതി മുർമുവിനോ യശ്വന്ത് സിൻഹയ്‌ക്കോ വോട്ട് ചെയ്തില്ലെന്നും മൻപ്രീത് സിങ് വ്യക്തമാക്കി.
1984ലെ സിഖ് കൂട്ടക്കൊല, ഓപറേഷൻ ബ്ലൂസ്റ്റാർ, സിഖുകാരുടെ അവകാശ ലംഘനം എന്നിവയ്ക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസായതിനാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് മന്‍പ്രീത് സിങ് പ്രതികരിച്ചു. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും മന്‍പ്രീത് സിങ് പറഞ്ഞു.
ബി.ജെ.പിയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും അവർ പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്ന് മന്‍പ്രീത് സിങ് വിമര്‍ശിച്ചു. ദ്രൗപതി മുർമുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് സിഖ് സമുദായത്തോട് കൂടിയാലോചിച്ചിട്ടില്ലെന്നും മന്‍പ്രീത് സിങ് പറഞ്ഞു. സിഖ് സമുദായത്തിന്റെ വികാരവും പഞ്ചാബിലെ പ്രശ്‌നങ്ങളും തന്‍റെ മനസാക്ഷിയുടെ ശബ്ദവും കേട്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെയും സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 776 പാർലമെന്‍റ് അംഗങ്ങള്‍ക്കും 4,033 എംഎൽഎമാര്‍ക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അകാലിദളിന് പഞ്ചാബ് നിയമസഭയിൽ മൂന്ന് എം.എൽ.എമാരും ലോക്സഭയിൽ രണ്ട് എം.പിമാരുമാണുള്ളത്.
Adjust Story Font
16