Quantcast

അസമിൽ തൃണമൂലിനെ നയിക്കാൻ ഗൊഗോയി? മമതയുമായി കൂടിക്കാഴ്ച നടത്തി

അസമിലെ കർഷക നേതാവും പൗരത്വ പ്രക്ഷോഭ നായകനും എംഎൽഎയുമായ അഖിൽ ഗൊഗോയി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും ചർച്ച നടത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Aug 2021 9:26 AM GMT

അസമിൽ തൃണമൂലിനെ നയിക്കാൻ ഗൊഗോയി? മമതയുമായി കൂടിക്കാഴ്ച നടത്തി
X

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തിൽ നിർണായക നീക്കം. കർഷക നേതാവും പൗരത്വ പ്രക്ഷോഭ നായകനുമായ അഖിൽ ഗൊഗോയിയെ മുന്നിൽ നിർത്തി അസമിൽ ചുവടുറപ്പിക്കാൻ തൃണമൂൽ നീക്കം നടത്തുന്നതായി സൂചന. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി ഗൊഗോയി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.

അസമിലെ സിബ്‌സാഗറിൽനിന്നുള്ള എംഎൽഎയായ ഗൊഗോയിയെ അധ്യക്ഷനാക്കി സംസ്ഥാന ഘടകം സജീവമാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. പൗരത്വ പ്രക്ഷോഭകാലത്ത് യുഎപിഎ ചുമത്തപ്പെട്ട് ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ഗൊഗോയി കഴിഞ്ഞ മാസമാണ് മോചിതനായത്. ബിജെപിയെ തുരത്തുകയാണ് ലക്ഷ്യമെന്ന് ജയിൽമോചിതനായയുടൻ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മമത ബാനർജിയെ അടുത്ത പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹം ഗൊഗോയി പരസ്യമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആർഎസ്എസ്-ബിജെപി ഫാസിസ്റ്റ് ശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ഏറ്റവും ശക്തയായ മുഖമാണ് മമതയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

കൃഷക് മുക്തി സംഗ്രാം സമിതി(കെഎംഎസ്എസ്) നേതാവായ ഗൊഗോയി ശനിയാഴ്ച ബംഗാളിലെത്തിയാണ് മമതയെ കണ്ടത്. കൂടിക്കാഴ്ചയിൽ അസമിലെ പാർട്ടി അധ്യക്ഷസ്ഥാനം നൽകാമെന്ന് മമത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഗൊഗോയി വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ രൂപീകരിച്ച രായ്‌ജോർ ദൾ നേതാവായ അഖിൽ ഗൊഗോയി ജയിലിലിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2019ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തെ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം കേസ് പരിഗണിച്ച കോടതി അദ്ദേഹത്തിനെതിരായ കുറ്റങ്ങളെല്ലാം തള്ളി.

TAGS :

Next Story