Quantcast

കോണ്‍ഗ്രസിനെപ്പോലെ ബി.ജെ.പിയും ഇല്ലാതാവും: അഖിലേഷ് യാദവ്

അമേഠിയില്‍ ഇത്തവണ എസ്.പി മത്സരിപ്പിക്കുമെന്ന സൂചനയും അഖിലേഷ് യാദവ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-03-19 13:42:32.0

Published:

19 March 2023 1:38 PM GMT

Akhilesh Yadav blames both congress and bjp
X

ഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്ന ബി.ജെ.പി ഇല്ലാതാവുമെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരുടെ സമീപത്തേക്ക് ഇ.ഡിയെയും സി.ബി.ഐയെയും ഇന്‍കം ടാക്സിനെയും അയക്കുന്നു. ഇതാണ് കോൺഗ്രസും ചെയ്തിരുന്നത്. ഇപ്പോൾ ബി.ജെ.പിയും അത് തന്നെയാണ് ചെയ്യുന്നത്. കോൺഗ്രസ് ഇല്ലാതായെങ്കില്‍ ബി.ജെ.പിയും ഇല്ലാതാകും"- അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷ് യാദവ് വെള്ളിയാഴ്ച കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ കണ്ടിരുന്നു. മമത ബാനര്‍ജി ഉടന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കാണും. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യ സാധ്യതയാണ് മമതയും അഖിലേഷും തേടുന്നത്.

ഗാന്ധി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന അമേഠിയില്‍ ഇത്തവണ എസ്.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന സൂചനയും അഖിലേഷ് യാദവ് നല്‍കി. 1996 മുതല്‍ അമേഠിയില്‍ എസ്.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിട്ടില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തി. റായ്ബറേലിയിലും എസ്.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.

"ഈ സീറ്റുകളിൽ വിജയിക്കാൻ ഞങ്ങളുടെ പാർട്ടി കോൺഗ്രസിനെ സഹായിച്ചു. എന്നാൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ അനീതി ഉണ്ടാകുമ്പോൾ കോൺഗ്രസ് ഒരു വാക്കുപോലും പറയുന്നില്ല. ഞങ്ങളുടെ നേതാക്കൾ പറയുന്നത് ഈ സീറ്റുകളിൽ മത്സരിക്കണമെന്നാണ്. അതിനാൽ ഇപ്പോൾ തീരുമാനിക്കേണ്ട സമയമായി. ഞങ്ങൾ ഞങ്ങളുടെ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് തീരുമാനിക്കും"- അഖിലേഷ് യാദവ് വ്യക്തമാക്കി.

പ്രതിപക്ഷ മുന്നണിയുടെ ഫോർമുല എന്തായിരിക്കുമെന്ന ചോദ്യത്തിന് വെളിപ്പെടുത്തില്ലെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെന്‍സസ് നടത്തണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു- "ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിരവധി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കോൺഗ്രസിനെപ്പോലെ ബി.ജെ.പിക്കും ഇത് നടത്താൻ താൽപ്പര്യമില്ല"- അഖിലേഷ് യാദവ് പറഞ്ഞു.

TAGS :

Next Story