Quantcast

യോഗിയെ നേരിടാൻ ഒരുങ്ങിത്തന്നെ; അഖിലേഷ് അസംഗഡിൽ നിന്ന് മത്സരിക്കും

ആദ്യമായാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    19 Jan 2022 8:22 AM GMT

യോഗിയെ നേരിടാൻ ഒരുങ്ങിത്തന്നെ; അഖിലേഷ് അസംഗഡിൽ നിന്ന് മത്സരിക്കും
X

ലഖ്‌നൗ: നിയമസഭയിലേക്ക് മത്സരിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തീരുമാനത്തിന് പിന്നാലെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും സമാന തീരുമാനത്തിലേക്ക്. അസംഗഡിലെ ഗോപാൽപൂരിൽ നിന്ന് അഖിലേഷ് ജനവിധി തേടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മത്സരിക്കാനുള്ള സന്നദ്ധത അഖിലേഷും അറിയിച്ചിട്ടുണ്ട്. നിലവിൽ അസംഗഡിൽ നിന്നുള്ള ലോക്‌സഭാംഗമാണ് അദ്ദേഹം.

മത്സരിക്കാനില്ലെന്നും സംസ്ഥാനത്തെ ഓരോ സീറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് അഖിലേഷ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ യോഗിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു. ആദ്യമായാണ് അഖിലേഷ് യാദവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നാണ് യോഗി ജനവിധി തേടുന്നത്.

2012ൽ സംസ്ഥാനത്ത് എസ്പി വൻ വിജയം നേടിയപ്പോൾ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. 38കാരനായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. ആ സമയത്ത് കന്നൗജിൽ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. പിന്നീട് സംസ്ഥാന ലജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കന്നൗജ് സീറ്റിൽ ഭാര്യ ഡിംപിൾ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അതിനിടെ, അഖിലേഷിന്റെ സഹോദരൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവ് ബുധനാഴ്ച ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നിരവധി ബിജെപി നേതാക്കൾ എസ്പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ്, മുലായം കുടുംബത്തിൽ നിന്നുള്ള ഒരംഗം ഭരണകക്ഷിയിലെത്തുന്നത്.

പാർട്ടിയിൽ ചേർന്നാൽ അപർണക്ക് സീറ്റ് നൽകുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. സമാജ് വാദി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് അപർണ യാദവ്. 2017ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഖ്‌നൗ കന്റോൺമെന്റ് മണ്ഡലത്തിൽ മത്സരിച്ച അവർ ബിജെപി സ്ഥാനാർത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്. ലഖ്‌നൗ കാന്റിൽ നിന്ന് ഇവർ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്.

നേരത്തെ, സ്വഛ് ഭാരത് ക്യാമ്പയിനിന്റെ പേരിൽ മോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെയും അവർ പിന്തുണച്ചിരുന്നു.

TAGS :

Next Story